ചെങ്ങന്നൂര്‍:ഖത്തറില്‍ ജോലി ചെയ്യുന്ന അച്ഛന് ഉണ്ണിക്കൃഷ്ണക്കുറുപ്പ് കഴിഞ്ഞ മാസം അവധിക്കു നാട്ടിലെത്തിയപ്പോള്‍ വാങ്ങിക്കൊടുത്തതാണു ആ പുതിയ ബൈക്ക്.3 ദിവസം മുമ്പ് കിരണ്‍ പുത്തന്‍ ബൈക്കില്‍ ആദ്യ ദൂരയാത്രയ്ക്കു മുമ്പ് അമ്മയോടും ബന്ധുക്കളോടും യാത്ര ചോദിച്ചു. തലയില്‍ കൈവച്ച് അമ്മ അനുഗ്രഹിച്ചു, എന്തോ യാത്രയാക്കുമ്പോള്‍ ആ കണ്ണുകള്‍ ഈറനണിഞ്ഞെങ്കിലും മകന്റെ ഈ യാത്രക്ക് മടക്കമില്ലെന്ന് അവര്‍ അറിഞ്ഞില്ല.
പുതിയ വണ്ടി കോയമ്പത്തൂരിലെ സഹപാഠികളെ കാണിക്കാനായാണ് കിരണ്‍ യാത്രയായത്. ഒപ്പം ഏറെ നാളത്തെ ആഗ്രഹം സാധിച്ചതിന്റെ ത്രില്ലിലായിരുന്നു കിരണ്‍. അടുത്തു തന്നെ താമസിക്കുന്ന പിതൃസഹോദരന്മാരായ സുരേന്ദ്രനാഥക്കുറുപ്പിന്റെയും സുകുമാരക്കുറുപ്പിന്റെയും വീടുകളിലുമെത്തി.
ഫുട്ബോള്‍ പ്രേമിയായിരുന്ന കിരണ്‍. 5ന് സുഹൃത്ത് ശങ്കര്‍കുമാറിനൊപ്പം കൊച്ചിയില്‍ ഐഎസ്എല്‍ കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സി ഫുട്ബോള്‍ മത്സരം കണ്ട ശേഷം കൊടൈക്കനാലിലേക്കു പോയി. പിന്നീടു കോയമ്പത്തൂര്‍ കര്‍പ്പകം എന്‍ജിനീയറിങ് കോളജിലെത്തി. അവിടെ നിന്നു തിരികെ വരും വഴിയാണ് അപകടം. കിരണ്‍ കൃഷ്ണന്റെയും ശങ്കര്‍കുമാറിന്റെയും സുഹൃത്ത് അടൂര്‍ സ്വദേശി ജോജി അപകടം കണ്ടു തളര്‍ന്നു വീണു.
തീ അണയ്ക്കാന്‍ ജോജി നാട്ടുകാര്‍ക്കൊപ്പം ഏറെ ശ്രമിച്ചിരുന്നു. ശങ്കര്‍കുമാര്‍ തീയില്‍പ്പെട്ടു പിടയുന്നതു കണ്ടു ജോജി റോഡില്‍ തളര്‍ന്നുവീഴുകയായിരുന്നു. പോലീസ് എത്തി ജോജിയെ സ്റ്റേഷനിലേക്കു മാറ്റി. മണിക്കൂറുകളോളം അപകടദൃശ്യത്തിന്റെ ആഘാതത്തിലായിരുന്നു ജോജി. പിന്നീടു ജോജിയില്‍ നിന്നാണ് അപകടത്തില്‍ പെട്ടവരെപ്പറ്റിയുള്ള വിവരം പോലീസിനു ലഭിച്ചത്.
രണ്ടു ദിവസം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ മരണം ജോജിയെ ആകെ തളര്‍ത്തി. നാട്ടില്‍നിന്നെത്തിയവര്‍ക്കൊപ്പമാണ് ജോജി വീട്ടിലേക്കു പോയത്. ലോറിയുടെ ഡീസല്‍ ടാങ്കില്‍ ബൈക്ക് ഇടിച്ചതാണു തീ പടരാന്‍ കാരണമെന്നാണു മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. 500 സിസി ബൈക്കിന്റെ ക്രാഷ് ഗാര്‍ഡ് ഡീസല്‍ ടാങ്കില്‍ ഇടിച്ചപ്പോള്‍ ടാങ്ക് പൊട്ടിയെന്നും ഡീസലിനു തീപിടിച്ചു ബൈക്കിലേക്കു പടര്‍ന്നെന്നുമാണു കരുതുന്നത്. വളരെ ദൂരം ഓടിയതിനാല്‍ ബൈക്കിന്റെ എന്ജിന് ചൂടായ നിലയിലായിരുന്നു. രാത്രി മുഴുവന്‍ ബൈക്ക് ഓടിച്ചതിന്റെ ക്ഷീണവും അപകടത്തിനുകാരണമായേക്കാമെന്നാണു മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.
Discussion about this post