തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവിലുള്ള വിഷ്ണുവിലേക്ക് അന്വേഷണം ഊര്‍ജിത മാക്കുന്നു. വിഷ്ണുവിന്റെ ദുബായിലെ ബിസിനസ്സ് ഇടപാടുകള്‍ ഡിആര്‍ഐ പരിശോധിച്ചു തുടങ്ങി. അതേസമയം, അപകട സ്ഥലത്തെത്തിയവരുടെ ഫോണ്‍ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നു.
ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ വിഷ്ണുവിന് മുഖ്യപങ്കുണ്ടായിരുന്നുവെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന നിഗമനങ്ങളിലേക്കാണ് ഡിആര്‍ഐയും ക്രൈംബ്രാഞ്ചും എത്തുന്നത്. വിഷ്ണുവിന് ബിസിനസ്സ് തുടങ്ങാന്‍ ബാലഭാസ്‌കര്‍ പണം നല്‍കിയിരുന്നു. പക്ഷെ ഈ സംരഭം അധികനാള്‍ നീണ്ടു നിന്നില്ല.
ബാലഭാസ്‌ക്കറിന്റെ മരണ ശേഷമാണ് ദുബായില്‍ വിഷ്ണു ബിനസസ്സ് തുടങ്ങിയെന്നാണ് കണ്ടെത്തല്‍. ഇതിനുള്ള പണം എവിടെ നിന്ന് വന്നുവെന്നതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. വിഷ്ണുവിന്റെ ജീവനക്കാരനാണ് ദുബായിലെ സ്വര്‍ണ്ണ കടത്തിലെ ഇടനിലക്കാരനായ ജിത്തുവെന്ന ആകാശ് ഷാജിയെന്ന് ഡിആര്‍ഐ കണ്ടത്തി.
ആകാശ് ഷാജിയുടെ മണ്ണന്തലയിലുള്ള വീട്ടില്‍ ഡിആര്‍ഐ പരിശോധന നടത്തി. സ്വര്‍ണ്ണ കടത്തിനും ഹവാലക്കുമായി ഒരു മറയായിരിക്കാം ദുബായിലെ ബിസിനസ്സെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം. മാത്രമല്ല, സ്വര്‍ണ്ണ കടത്തുകാരുമായി ആദ്യ ഘട്ടത്തില്‍ കരാര്‍ ഉറപ്പിക്കണമെങ്കിലും വന്‍ തുക വേണം.
ഈ പണത്തിന്റെ ഉറവിടം എവിടെ നിന്നെന്ന സംശയമാണ് അന്വേഷണ ഏജന്‍സികളെ ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടികളിലേക്ക് നയിക്കുന്നത്. അതേസമയം, ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് ക്രൈം ബ്രാഞ്ച് കടന്നു.
അപകടമുണ്ടായപ്പോള്‍ സ്ഥലത്തെത്തിയവരുടെ ഫോണ്‍ വിശദാംശങ്ങള്‍ തേടി. വിവിധ മൊബൈല്‍ ഫോണ്‍ ദാതാക്കള്‍ക്ക് ക്രൈം ബ്രാഞ്ച് കത്ത് നല്‍കി. ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയും സാക്ഷികളുടെ മൊഴിയും വീണ്ടും രേഖപ്പെടുത്തും.
Discussion about this post