തൃശ്ശൂര്‍: തൃശ്ശൂരില്‍ അനാഥാലയത്തില്‍ നിന്ന് ഭയന്നോടിയ ആറ് ആദിവാസി കുട്ടികള്‍ ഇനി പുതിയ സ്കൂളില്‍ ചേരും. തൃശ്ശൂര്‍ മരിയ പാലന സൊസൈറ്റിയില്‍ നിന്നും ഇന്നലെ പുലര്‍ച്ചെയാണ് കുട്ടികള്‍ ഭയന്നോടിയത്. കുറച്ച് ദിവസം മുന്‍പ് മാത്രമാണ് മരിയ പാലന സൊസൈറ്റിയില്‍ എത്തിയത്. മലക്കപ്പാറ ആനപ്പന്തം കോളനിയിലെ കുട്ടികളാണ് ആറുപേരും.
പുലര്‍ച്ചെ പ്രദേശത്ത് താമസിച്ചിരുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മഞ്ചേഷ് ആണ് ഭയന്നോടിയ കുട്ടികള്‍ വഴി അരികില്‍ നില്‍ക്കുന്നത് കണ്ടത്. അസ്വാഭാവികമായ സാഹചര്യത്തില്‍ കുട്ടികളെ കണ്ടതോടെ മരിയ പാലന സൊസൈറ്റിയില്‍ വിവരമറിയിച്ചു. അപ്പോഴാണ് കുട്ടികള്‍ പുറത്ത് പോയ വിവരം സ്ഥാപനം അധികൃതര്‍ അറിയുന്നത്. കുട്ടികളെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി.
മുതിര്‍ന്ന കുട്ടികളുമായി വാക്കേറ്റം ഉണ്ടായെന്നും മുതിര്‍ന്ന കുട്ടികള്‍ പ്ലേറ്റ് കൊണ്ട് അടിച്ചെന്നുമാണ് ഭയന്നോടിയ കുട്ടികള്‍ പറയുന്നത്. കുട്ടികള്‍ ഇനി ഇവിടുത്തെ സര്‍ക്കാര്‍ എല്‍പി സ്ക്കൂളില്‍ പഠിക്കും. രക്ഷിതാക്കളുമായി സംസാരിച്ച ശേഷം ജില്ലാ ശിശുക്ഷേമ സമിതിയാണ് കുട്ടികളുടെ കാര്യത്തില്‍ പുതിയ തീരുമാനമെടുത്തത്.
അതേസമയം കുട്ടികള്‍ രാത്രി പുറത്തു പോയസംഭവത്തില്‍ മരിയ പാലന സൊസൈറ്റിയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളെ ചേര്‍ക്കുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് രേഖാമൂലം വ്യക്തമാക്കാനും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് വേണ്ടത്ര സുരക്ഷ നല്‍കിയില്ലെന്ന് കണക്കിലെടുത്ത് സ്ഥാപനത്തിനെതിരെ കൊരട്ടി പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post