തിരുവനന്തപുരം: ലക്ഷദ്വീപിനോടു ചേര്‍ന്ന് അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് 45 മുതല്‍ 55 കിമി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്ക് -വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുമെന്നതിനാല്‍ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. വ്യാഴാഴ്ചയോടെ ഇത് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തോട് അടുക്കുമെന്നാണ് കരുതുന്നത്. അതേസമയം, ചുഴലിയുടെ സഞ്ചാരപഥം ഇനിയും രേഖപ്പെടുത്തിയിട്ടില്ല.
തിങ്കളാഴ്ച ലക്ഷദ്വീപിനോടുചേര്‍ന്ന് അറബിക്കടല്‍, കേരള-കര്‍ണ്ണാടക തീരം, തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. 11-ന് അറബിക്കടലിന്റെ കിഴക്ക്, മധ്യഭാഗത്തും വടക്കുകിഴക്കന്‍ മേഖലയിലും കാറ്റിന്റെ വേഗം 75 കിലോമീറ്റര്‍വരെയാകും. 12-ന് 90 കിലോമീറ്ററും 13-ന് 100 മുതല്‍ 110 കിലോമീറ്റര്‍വരെയും വേഗമാര്‍ജിക്കുമെന്നാണ് കണക്കുകൂട്ടല്‍.
കാറ്റിന്റെ സ്വാധീനമുള്ളതിനാല്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷത്തിന്റെ ശക്തികുറഞ്ഞേക്കും. അതേസമയം, സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി. അന്‍പത്തിരണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ട്രോളിങ്ങ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുക. ട്രോളിംഗ് നിരോധനം സംബന്ധിച്ച് വിശദമായ പഠനംവേണമെന്ന് ബോട്ട് ഉടമകള്‍ ആവശ്യപ്പെട്ടു.