അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാറിനൊപ്പം ഒരു വെള്ള സ്വിഫ്റ്റ് കാറുണ്ടായിരുന്നു, ഇരുകാറുകളും ഓവര്‍ടേക്ക് ചെയ്തിരുന്നു, പക്ഷേ…! കൂടുതല്‍ വെളിപ്പെടുത്തലുമായി മറ്റൊരു ദൃക്‌സാക്ഷി കൂടി

അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാറിനൊപ്പം ഒരു വെള്ള സ്വിഫ്റ്റ് കാറുമുണ്ടായിരുന്നു

തിരുവനന്തപുരം: അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആയിരുന്നെന്ന് മറ്റൊരു ദൃക്‌സാക്ഷിയുടെ കൂടി വെളിപ്പെടുത്തല്‍. കെഎസ്ആര്‍ടിസി ഡ്രൈവറായ അജിയാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയപ്പോള്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കര്‍ തന്നെയായിരുന്നുവെന്ന് അജി പറയുന്നു.

അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാറിനൊപ്പം ഒരു വെള്ള സ്വിഫ്റ്റ് കാറുമുണ്ടായിരുന്നു. ആറ്റിങ്ങലില്‍ വെച്ച് താന്‍ ഓടിച്ച ബസിനെ ഇരുകാറുകളും ഓവര്‍ടേക്ക് ചെയ്തിരുന്നു. പക്ഷേ, അപകടത്തിന് ശേഷം രണ്ടാമത്തെ കാര്‍ കണ്ടില്ലെന്നും അജി പറയുന്നു. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആ സ്വിഫ്റ്റ് കാര്‍ സംബന്ധിച്ച അന്വേഷണം നടത്തുന്നുണ്ട്.

അജിയുടെ വാക്കുകള്‍ ഇങ്ങനെ ഇങ്ങനെ;

രാവിലെ 3.40 നാണ് ആറ്റിങ്ങലില്‍ എത്തിയത്. അവിടെ വെച്ച് ഒരു ഇന്നോവ കാറും ഒരു സ്വിഫ്റ്റ് കാറും തന്റെ ബസിനെ ഓവര്‍ടേക്ക് ചെയ്തു. ഈ രണ്ടുകാറുകളും തുടര്‍ന്നുള്ള യാത്രയില്‍ ബസിന്റെ മുന്നിലുണ്ടായിരുന്നു. പള്ളിപ്പുറം സിഗ്നലിന് ശേഷമുള്ള വളവില്‍ വെച്ച് ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് പോകുന്നതാണ് കാണുന്നത്. ഒരു മരത്തില്‍ കാര്‍ ഇടിച്ച് പുക ഉയരുന്ന നിലയിലാണ് പിന്നീട് കാണുന്നത്. ഉടന്‍ തന്നെ ബസ് നിര്‍ത്തി ചാടിയിറങ്ങി അപകടം നടന്ന കാറിനടുത്തേക്ക് ഓടിയെത്തിയപ്പോള്‍ ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന ആള്‍ തന്നോട് കാറിന്റെ ഇടത് സൈഡിലുള്ള ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടു.

ഇടത് സീറ്റിലിരുന്ന വ്യക്തിക്ക് ഗുരുതരമായ പരിക്കാണ് ഉണ്ടായിരുന്നത്. ആ വ്യക്തിയെ ഉടന്‍ തന്നെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടു. നാലാമതായാണ് ഡ്രൈവര്‍ സീറ്റിലിരുന്ന ബാലഭാസ്‌കറിനെ എടുക്കുന്നത്. ബാലഭാസ്‌കറിനെ എടുത്ത് റോഡില്‍ ഇരുത്തി. രക്ഷാപ്രവര്‍ത്തനം ഒക്കെ കാണുന്നുണ്ടെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.

Exit mobile version