കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് ബിജെപി നേതാക്കള്‍ക്ക് കൈകൊടുക്കുന്ന യതീഷ് ചന്ദ്രയുടെ ചിത്രമാണ്. ശബരിമല കാലത്ത് ഇതേ ഉദ്യോഗസ്ഥന്‍ തന്നെ ബിജെപി നേതാക്കള്‍ക്ക് തിരിഞ്ഞ സംഭവം കൂടി കണക്കിലെടുത്താണ് ചിത്രം വൈറലാകുന്നത്. സംഭവം സൈബര്‍ ഇടങ്ങളില്‍ ഇപ്പോള്‍ ചിരി നിറക്കുകയാണ്. ഇന്നലെ തൃശ്ശൂരിലാണ് സംഭവം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുരുവായൂര്‍ ദര്‍ശനത്തിനിടയിലാണ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറായ യതീഷ് ചന്ദ്ര ബിജെപി നേതാക്കള്‍ക്ക് കൈകൊടുത്തത്. കെ സുരേന്ദ്രനും എഎന്‍ രാധാകൃഷ്ണനുമാണ് യതീഷ് ചന്ദ്രയ്ക്ക് ഒപ്പമുള്ളത്. മാസങ്ങള്‍ക്ക് മുന്‍പ് ശബരിമല ദര്‍ശനത്തിന് നിലയ്ക്കലില്‍ എത്തിയ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്‍ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെല്ലാം കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് യതീഷ് ചന്ദ്രയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
എന്നാല്‍ മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങള്‍ മാത്രം കടത്തിവിടാമെന്നായിരുന്നു പോലീസ് എടുത്ത നിലപാട്. ഇതിനിടെ സ്വന്തം ജോലി ചെയ്യാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയോട് ചോദിച്ചു. മന്ത്രി ഉത്തരവിട്ടാല്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം മറുപടി നല്‍കി. ഇത് അന്ന് ബിജെപിയെ വല്ലാതെ ചൊടിപ്പിച്ച സംഭവം കൂടിയാണ്. യതീഷ് ചന്ദ്രക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അന്ന് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ബിജെപി നേതാക്കളും യതീഷ് ചന്ദ്രയും തമ്മിലുള്ള ഈ സൗഹൃദചിരി ചിത്രം എത്തിയത്.