ആലപ്പുഴ: സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പോലീസ് പിടിയില്‍. പ്രതിയെ സ്കൂള്‍ ബാത്ത് റൂമില്‍ നിന്നും ആലപ്പുഴ സൗത്ത് പോലീസാണ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു സംഭവം. കാര്‍മല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് പ്രതി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്.
സംഭവത്തില്‍ പ്രതിയെ കുറിച്ച് യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുകയും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും ഇയാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. സ്കൂള്‍ തുറന്ന ദിവസം പ്രതി വീണ്ടും സ്കൂളിലെത്തി.
സമാനമായ രീതിയില്‍ മറ്റ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. ഇയാളെ കണ്ട ആദ്യ സംഭവത്തിലെ പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ മാതാപിതാക്കളെയും അധ്യാപകരെയും വിവരമറിയിക്കുകയായിരുന്നു. ഇവര്‍ പോലീസില്‍ അറിയിച്ചു.
പോലീസ് വരുന്നതറിഞ്ഞ പ്രതി സ്കൂളിലെ ബാത്ത് റൂമില്‍ ഓടിക്കയറി. സംഭവ സ്ഥലത്തെത്തിയ പോലീസ് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി അതിന് തയ്യാറായില്ല. തുടര്‍ന്ന് പോലീസ് സ്വരം കടുപ്പിച്ചപ്പോള്‍ ഇയാള്‍ വാതില്‍ തുറക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Discussion about this post