തൃശൂര്‍: ശബരിമല കോടതി വിധിക്കെതിരെ പ്രതിഷേധിച്ച് തെക്കുനിന്നും വടക്കുനിന്നും 2 കൂട്ടര് ആരംഭിച്ച രഥയാത്രകള്‍ എവിടെവച്ച് ഒന്നാവും എന്നുമാത്രം നോക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യവേയാണു കോണ്‍ഗ്രസിനെയും ബിജെപിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചത്. അപ്പുറത്തെത്തി എത്തിയില്ല എന്ന അവസ്ഥയില്‍നിന്നു തിരിച്ചുവന്ന ആളാണു യാത്രകളില്‍ ഒന്നു നയിക്കുന്നത്. ബിജെപിയുടെ അജന്‍ഡ നടപ്പായി കഴിയുമ്പോള്‍ ബിജെപിയും സര്‍ക്കാരിനെ അനുകൂലിക്കുന്ന പാര്‍ട്ടികളും മാത്രമേ ബാക്കിയാവൂ എന്നാണു പിഎസ് ശ്രീധരന് പിള്ള പറഞ്ഞത്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇല്ലാതാവും എന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്. കോണ്‍ഗ്രസിന് അല്പമെങ്കിലും ആര്‍ജവമുണ്ടെങ്കില്‍ ഇതേക്കുറിച്ച് എന്തെങ്കിലും മറുപടി പറയുമായിരുന്നില്ലേ- പിണറായി ചോദിച്ചു.
എല്‍ഡിഎഫിന്റെ ഓരോ യോഗം കഴിയുമ്പോഴും മുന്പത്തേക്കാള് ആളാണല്ലോ ഈ യോഗത്തില്‍ എന്നു തോന്നിപ്പോകുന്നു. മുന്നണിക്കൊപ്പമുള്ളവര് മാത്രമല്ല, അല്ലാത്തവരും യോഗത്തിനെത്തുന്നുണ്ട്.
വിശ്വാസികളില്നിന്ന് ഇടതുമുന്നണിയെ വേര്‍തിരിക്കുക എന്നത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. മുന്നണി എല്ലാ വിഭാഗത്തിന്റേതുമാണ്. എല്ലാ വിഭാഗക്കാരും ഇതു തങ്ങളുടെ മുന്നണിയാണ് എന്ന തരത്തില്‍ തന്നെയാണു കാണുന്നതെന്നും പിണറായി പറഞ്ഞു.
Discussion about this post