ചാലക്കുടി: ചാലക്കുടി മേലൂരിലെ അനാഥാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനം ഭയന്ന് കുട്ടികള്‍ വെളുപ്പിന് അനാഥാലയം വിട്ട് ഇറങ്ങി ഓടി. മേലൂരിലെ മരിയ പാലന സൊസൈറ്റിയിലാണ് സംഭവം. വാഴച്ചാല്‍ വാച്ചുമരം ആദിവാസി കോളനിയിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റത്. പുലര്‍ച്ചെ പ്രദേശത്ത് താമസിച്ചിരുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മഞ്ചേഷ് ആണ് കുട്ടികള്‍ വഴി അരികില്‍ നില്‍ക്കുന്നത് കണ്ടത്.
ശേഷം കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ കാര്യം തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മുതിര്‍ന്ന കുട്ടികളുമായി വാക്കേറ്റം ഉണ്ടായെന്നും മുതിര്‍ന്ന കുട്ടികള്‍ പ്ലേറ്റ് കൊണ്ട് അടിച്ചെന്നും കുട്ടികള്‍ വെളിപ്പെടുത്തി. നാല് പേര്‍ കുറച്ച് ദിവസം മുന്‍പ് മാത്രമാണ് മരിയ പാലന സൊസൈറ്റിയില്‍ എത്തിയതെന്നും തിരിച്ച് പോകാനുള്ള തോന്നല്‍ എപ്പോഴും കുട്ടികള്‍ക്ക് ഉണ്ടെന്നുമാണ് സ്ഥാപനം അധികൃതര്‍ പറയുന്നത്.
സംഭവം രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അവരെത്തിയ ശേഷം തുടര്‍ നടപടികള്‍ ആകാം എന്ന നിലപാടിലാണ് അധികൃതര്‍. ആദിവാസി ക്ഷേമ വകുപ്പ് അധികൃതരും എംഎല്‍എ അടക്കം ജനപ്രതിനിധികളും എത്തി കുട്ടികളുമായി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥാപനത്തിനകത്ത് മര്‍ദ്ദനമേറ്റ കാര്യം കുട്ടികളാരും പരാതി പറഞ്ഞിട്ടില്ലെന്നാണ് മരിയ പാലന സൊസൈറ്റി അധികൃതര്‍ പറയുന്നു. ഉറങ്ങിക്കിടന്ന വാര്‍ഡന്റെ പക്കല്‍ നിന്ന് താക്കോലെടുത്ത് വാതില്‍ തുറന്നാണ് കുട്ടികള്‍ പുറത്ത് പോയതെന്നും സ്ഥാപനം അധികൃതര്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം വേണമെന്ന് ചാലക്കുടി എംഎല്‍എ ബിഡി ദേവസി ആവശ്യപ്പെട്ടു. പോലീസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ഹോസ്റ്റലുകളുണ്ട്. എന്നിട്ടും, വിദ്യാര്‍ത്ഥികള്‍ എങ്ങനെ സ്വകാര്യ കേന്ദ്രത്തില്‍ എത്തിയെന്ന് പോലീസ് അന്വേഷിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.