ഇടുക്കി: ഫ്‌ളിപ്പ്കാര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ഫോണിന് പകരം മാര്‍ബിള്‍ കഷ്ണം കിട്ടിയതായി പരാതി. ഇടുക്കി ചെറുതോണിയിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത തെന്നേടത്ത് പിഎസ് അജിത്തിനാണ് മാര്‍ബിള്‍ കഷ്ണം കിട്ടിയത്. സംഭവത്തില്‍ 24,000 രൂപ നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു.
ഓപ്പോ കമ്പനിയുടെ എഫ് 11 പ്രോ മോഡല്‍ മൊബൈല്‍ ഫോണാണ് അജിത്ത് 23,999 രൂപയ്ക്കു ഫ്‌ലിപ്പ്കാര്‍ട്ടില്‍ ബുക്ക് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് ചെറുതോണി വെള്ളക്കയത്തുള്ള ഓഫീസില്‍ നിന്നു പാഴ്‌സല്‍ എത്തി. പണം നല്‍കിയ ശേഷം കവര്‍ തുറന്നു നോക്കിയപ്പോഴാണ് കവറില്‍ മാര്‍ബിള്‍ കഷണം ആണെന്നു മനസ്സിലായത്.
അജിത്ത് ഉടന്‍ തന്നെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഓഫീസിലെത്തി വിവരം പറഞ്ഞെങ്കിലും ഫോണ്‍ മാറിയ സംഭവത്തില്‍ അവര്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്നാണു മറുപടി നല്‍കിയത്. തുടര്‍ന്ന് ഇടുക്കി പോലീസില്‍ പരാതി നല്‍കി. ഇതിനു മുമ്പും സമാനമായ സംഭവം കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.