പത്തനംതിട്ട: ശബരിമലയിലേക്കുള്ള ശര്‍ക്കര നീക്കം തൊഴിലാളി ക്ഷാമത്തെ തുടര്‍ന്ന് പ്രതിസന്ധിയില്‍. മണ്ഡലകാലത്ത് അപ്പം, അരവണ എന്നിവയുടെ നിര്‍മ്മാണത്തിന് 40 ലക്ഷം കിലോ ശര്‍ക്കര വേണമെന്നിരിക്കെ ഇതിന്റെ മൂന്നില്‍ ഒന്ന് പോലും എത്തിക്കാനായിട്ടില്ല. പ്രളയത്തില്‍ പമ്പയിലെ ശര്‍ക്കര ഗോഡൗണ്‍ ഉപയോഗശൂന്യമായതും പ്രതിസന്ധിയായി.
മണ്ഡലകാലത്തേക്ക് മാത്രം സന്നിധാനത്തെ അപ്പം, അരവണ പ്ലാന്റില്‍ 40 ലക്ഷം കിലോ ശര്‍ക്കര വേണമെന്നാണ് കണക്ക്. പ്രതിദിനം 1000 കിലോ ശര്‍ക്കര ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. മണ്ഡല കാലത്ത് പ്ലാന്റിന്റെ ശേഷി കൂട്ടുമ്പോള്‍ ഉപയോഗിക്കുന്ന സാമഗ്രികളുടെ അളവും ഇരട്ടിക്കും. സാഹചര്യം ഇതാണെന്നിരിക്കെ പമ്പയില്‍ നിന്നുള്ള ചരക്ക് നീക്കം നന്നേ കുറവാണ്. കയറ്റിറക്ക് തൊഴിലാളികളെ ആവശ്യാനുസരണം ലഭിക്കാത്തതാണ് കാരണം. പമ്പയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികളിലാണ് ട്രേഡ് യൂണിയന്‍ തൊഴിലാളികള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്.
പ്രളയത്തില്‍ പമ്പയിലെ ഗോഡൗണ്‍ ഉപയോഗശൂന്യമായതിനാല്‍ ലോറികളില്‍ നിന്ന് നേരിട്ടാണ് ട്രാക്ടറുകളിലേക്ക് ചരക്ക് മാറ്റുന്നത്. അതുകൊണ്ട് തന്നെ ചരക്കുമായി എത്തിയ ലോറികള്‍ ആഴ്ച്ചകളായി പമ്പയില്‍ തുടരുകയാണ്. അന്നദാനത്തിനുള്ള വിഭവങ്ങള്‍ മുതല്‍ നിര്‍മ്മാണ സാമഗ്രികള്‍ വരെ സന്നിധാനത്ത് എത്തിക്കുന്നതില്‍ ഈ പ്രതിസന്ധി ഉണ്ട്.