നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി രോഗബാധിതനായ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ ട്രാക്കിങ് നടത്തും. 15-നുശേഷമുള്ള വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുക.
കേരളത്തെ പിടിച്ച്കുലുക്കിയ നിപ്പാ വൈറസ് രണ്ടാം ഘട്ടം 2019 ജൂണ്‍ 2നാണ് എറണാകുളം പറവൂരില്‍ സ്ഥിരീകരിച്ചത്. നിപ്പാ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യ്തിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇവയുടെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞവര്‍ഷം നിപ്പാ മരണമുണ്ടായ കോഴിക്കോട് സൂപ്പിക്കടയില്‍ പഴംതീനി വവ്വാലുകളാണ് വൈറസ് വാഹകരെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവയില്‍നിന്ന് എങ്ങനെ രോഗം മനുഷ്യരിലേക്ക് എത്തിയെന്നത് സ്ഥിരീകരിക്കാനായിട്ടില്ല.
എന്നാല്‍ വീണ്ടും കേരളത്തില്‍ നിപ്പാ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്തുക എന്നത് ഒരു ചലഞ്ചായി ഏറ്റെടുത്തിരിക്കുകയാണ് അധികൃതര്‍. വിദ്യാര്‍ത്ഥി സഞ്ചരിച്ച വഴികളിലൂടെ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. വിദ്യാര്‍ത്ഥിയുടെ സാന്നിധ്യമുണ്ടായിരുന്ന മൂന്ന് ജില്ലകളിലും നിരന്തരപരിശോധന നടത്തിയിട്ടും വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
തൊടുപുഴയില്‍ പഠിക്കുന്ന യുവാവ് ഇന്റേണ്‍ഷിപ്പിന് തൃശ്ശൂരിലെത്തിയത് മെയ് 20-നാണ്. മൂന്നുദിവസം പിന്നിട്ടപ്പോഴാണ് പനിയെത്തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുന്നത്. പനി കുറയാത്തതിനാല്‍ പറവൂരിലെ വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും പനി കുറഞ്ഞില്ല. പിന്നീടാണ് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സ തേടുന്നത്.
ഇതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പനി ബാധിച്ച അവസ്ഥയില്‍ യുവാവ് വീട്ടിലുണ്ടായിരുന്നു. ഇതിനിടെ മറ്റെവിടെയെങ്കിലും വിദ്യാര്‍ത്ഥി സഞ്ചരിച്ചിട്ടുണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്. മെയ് 15-നുശേഷമുള്ള വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുക. മൊബൈല്‍ ലൊക്കേഷന്‍ ട്രാക്ക്ചെയ്ത് യുവാവ് സഞ്ചരിച്ച സ്ഥലങ്ങള്‍ കണ്ടെത്താനാണ് ശ്രമം.
2018 മെയ് മാസത്തിലാണ് പേരാമ്പ്ര സൂപ്പിക്കടയില്‍ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. യുവാവിന്റെ ശ്വാസകോശത്തിനാണ് രോഗം ബാധിച്ചത.് അതിനാല്‍ തന്നെ വായുവിലൂടെ വൈറസ് വ്യാപകമായി പടര്‍ന്നു. തുടര്‍ന്ന് 17 പേരുടെ ജീവനാണ് നിപ്പാ വൈറസ് അന്ന് കവര്‍ന്നെടുത്തത്. ഇതിന് പിന്നാലെ 2019ലും നിപ്പാ വരാന്‍ സാധ്യത ഉണ്ടെന്ന് അധികൃതര്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു, അതിനാല്‍ തന്നെ വേണ്ട നടപടിക്രമങ്ങളും ആരംഭിച്ചിരുന്നു. നിപ്പാ കാലഘട്ടം കഴിയാറായവേയാണ് വീണ്ടും വൈറസ് സ്ഥിരീകരിക്കുന്നത്. ഈ തവണയെങ്കിലും നിപ്പയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.