തൃശ്ശൂര്‍; പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. കനത്ത സുരക്ഷയിലാണ് മോഡി ദര്‍ശനം നടത്തിയത്. കേരളീയ വേഷമായ മുണ്ടും മേല്‍മുണ്ടും ധരിച്ചാണ് മോഡി ക്ഷേത്ര ദര്‍ശനം നടത്തിയത്. കൂടാതെ പ്രധാനമന്ത്രി താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്തി. ഇരുപത്തിരണ്ടായിരം രൂപയാണ് തുലാഭാര വഴിപാടിന് മോഡി ചെലവഴിച്ചത്. കളഭച്ചാര്‍ത്ത് ഉള്‍പ്പെടെയുളള വഴിപാടുകള്‍ നടത്തി.
ഒരു ഉരുളി നെയ്യ് മോഡി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ചു. അര മണിക്കൂറോളം മോഡി ക്ഷേത്രത്തില്‍ ചെലവഴിച്ചു.
ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും കേരളീയ വേഷത്തില്‍ തന്നെ പ്രധാനമന്ത്രിയെ അനുഗമിച്ചു.
പൂര്‍ണ്ണകുംഭം നല്‍കിയാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ പ്രധാനമന്ത്രിയെ വരവേറ്റത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വിവരം അറിഞ്ഞ് വലിയ ആള്‍ക്കൂട്ടവും ക്ഷേത്ര പരിസരത്ത് മോഡിയെ കാണാന്‍ തടിച്ച് കൂടിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഏഴ് മണിമുതല്‍ ക്ഷേത്ര ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.