വാടാനപ്പിള്ളി: രോഗിയുമായി വന്ന ആംബുലന്‍സിന് മാര്‍ഗ തടസം സൃഷ്ടിച്ച ‘മണിക്കുട്ടന്‍’ എന്ന സ്വകാര്യ ബസിനെതിരെ കേസ് എടുത്ത് കേരളാ പോലീസ്. തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് ബസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ‘ഓര്‍ക്കുക, നമ്മുടെ ഒരു നിമിഷം പകരം നല്‍കുന്നത് ഒരു ജീവിതമാകാം’ എന്ന മുന്നറിയിപ്പോടു കൂടി കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ വിവരം പങ്കുവെച്ചത്.
ആക്ഷന്‍ ഹിറോ ബിജു എന്ന ചിത്രത്തിലെ നിവിന്‍ പോളിയുടെ മീം വെച്ചാണ് ലളിതമായ രീതിയില്‍ വലിയ സന്ദേശം പോലീസ് പങ്കുവെച്ചത്. ‘സമയം പാലിക്കാന്‍ സാര്‍ വെച്ച വട്ടത്തില്‍ പൊലിഞ്ഞത് ഒരു ജീവനാ സാറേ, ഞങ്ങള്‍ സ്വയം അങ്ങ് കേസ് എടുക്കുവാ, എടുത്തെന്നു പറഞ്ഞാല്‍ എടുത്തതാ’ എന്ന ഡയലോഗിലൂടെ കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം പോലീസ് എഴുതി. സംഭവത്തില്‍ നിരവധി പേര്‍ പോലീസിന്റെ നിലപാടിന് കൈയ്യടിച്ച് രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് രോഗിയുമായി വന്ന ആംബുലന്‍സ് ബ്ലോക്കില്‍ പെട്ട് 20 മിനിറ്റോളം വഴിയില്‍ കിടന്നത്. തടസം നീക്കി രോഗിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. ഇടശ്ശേരി സ്വദേശി പുഴങ്കര ഇല്ലത്ത് അബ്ദുള്‍ റഹിമാന്റെ ഭാര്യ ഐഷാബി (67)യാണ് മരിച്ചത്. ശരീരത്തില്‍ എന്തോ കടിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച ഐഷാബിയെ വാടാനപ്പള്ളി ആക്ട്സിന്റെ ആംബുലന്‍സില്‍ തൃശ്ശൂര്‍ ജൂബിലി ആശുപത്രിയിലേയ്ക്ക് കൊണ്ടു പോവുകയായിരുന്നു. ഈ സമയത്ത് മനക്കൊടി ചേറ്റുപുഴ പാടത്ത് വെച്ച് തെറ്റായ ദിശയില്‍ സ്വകാര്യ ബസ് കയറി വരികയായിരുന്നു.
ഇതേ തുടര്‍ന്ന് 15 മിനിറ്റോളം ഗതാഗത കുരുക്കുണ്ടായി. ഒടുവില്‍ ആംബുലന്‍സ് ഡ്രൈവര്‍ മന്‍സൂര്‍ ഇറങ്ങിച്ചെന്ന് ബസ് ഡ്രൈവറോട് വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ട് യാത്ര വീണ്ടും തുടരുകയായിരുന്നു. ഏറെ നേരത്തെ തര്‍ക്കത്തിനൊടുവിലാണ് ആംബുലന്‍സിന് കടന്നുപോകാനായതെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടയിലാണ് ഐഷാബി മരിച്ചത്.