കൊച്ചി: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില തൃപ്തികരം. ഈ സാഹചര്യത്തില്‍ യുവാവിന്റെ രക്തം വീണ്ടും പരിശോധനയ്ക്ക് അയക്കും. വൈറസ് സാന്നിധ്യം പൂര്‍ണ്ണമായും മാറിയോ എന്ന് അറിയുന്നതിനാണ് വീണ്ടും പരിശോധന നടത്തുന്നത്. വൈറസ് വിമുക്തമായാലും നിരീക്ഷണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പ്രത്യേക ലാബിലാണ് വീണ്ടും രക്ത പരിശോധന നടത്തുന്നത്. വൈറസ് ബാധയേറ്റ യുവാവുമായി നേരിട്ട് ഇടപഴകിയ 52 പേരുടെ ചുരുക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇടയ്ക്കുള്ള പനി ഒഴിച്ചു നിര്‍ത്തിയാല്‍ യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. അമ്മയുമായി സംസാരിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യുവാവിനെ അനുവാദം നല്‍കിയിട്ടുണ്ട്.
ഭക്ഷണം സ്വന്തം നിലയില്‍ കഴിക്കുന്നതടക്കം ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടെന്നാണ് ആസ്റ്റര്‍ മെഡിസ്റ്റിയിലെ ഡോക്ടര്‍ ബോബി വര്‍ക്കി പറയുന്നത്. മൂന്ന് ദിവസം മുന്‍പ് നടത്തിയ രക്ത പരിശോധനയില്‍ വൈറസ് സാന്നിധ്യം നെഗറ്റീവ് ആകുന്നതിന്റെ സൂചനയും ലഭ്യമായിട്ടുണ്ട്. ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ ലാബില്‍ പൂനെയിലെ വിദഗ്ധ സംഘം വീണ്ടും രക്തവും ശ്രവങ്ങളും പരിശോധിക്കും. വൈറസ് ബാധയില്ലെന്ന് പരിശോധനയില്‍ വ്യക്തമായാലും മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരിക്കും തുടര്‍ നടപടികള്‍.
Discussion about this post