കോട്ടയം: കെവിന്‍ വധ കേസ് മുഖ്യ സാക്ഷി അനീഷിന്റെ ജീവന്‍ രക്ഷിക്കാനായത് തന്റെ ഇടപെടല്‍ മൂലമാണെന്ന് ഗാന്ധി നഗര്‍ മുന്‍ എസ്‌ഐ ബിജുവിന്റെ വെളിപ്പെടുത്തല്‍. വാഹന പരിശോധനക്കിടയില്‍ സംശയാസ്പദമായി പ്രതികളെ കാണുകയും തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ കുറിച്ചെടുക്കുകയും ചെയ്തു . പിന്നീട് കെവിനെ തട്ടിക്കൊണ്ടു പോയപ്പോള്‍ ഈ നമ്പറില്‍ വിളിച്ചാണ് വിട്ടയക്കാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
കെവിനെ തട്ടിക്കൊണ്ട് പോയെന്നുള്ള വിവരം തനിക്ക് മുന്‍പേ മേലുദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നുവെന്ന് സസ്‌പെന്‍ഷനിലിരിക്കുന്ന മുന്‍ എസ്ഐ ഷിബു പറഞ്ഞു. സംഭവ ദിവസം രാവിലെ താന്‍ വിവരം അറിയിക്കും മുന്‍പേ തന്നെ ഡിവൈഎസ്പിക്ക് വിവരം ലഭിച്ചിരുന്നു. അന്വേഷണത്തിന് മൂന്ന് മണിക്കൂര്‍ മാത്രമേ ലഭിച്ചുവുള്ളുവെന്നും ഷിബുവിന്റെ മൊഴിയില്‍ നിന്ന് വ്യക്തമായി.
2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാര്‍ത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്റെ വീട്ടുകാര്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. രജിസ്റ്റര്‍ വിവാഹത്തിന്റെ രേഖകള്‍ പോലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പോലീസ് നിര്‍ദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാന്‍ വീട്ടുകാര്‍ ശ്രമിച്ചു. ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ വീട്ടുകാര്‍ പിന്‍വാങ്ങി.
പിന്നീട് മെയ് 27-ന് നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെ നേതൃത്വത്തില്‍ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. ഇവര്‍ കെവിനെ മര്‍ദ്ദിച്ച് അവശനാക്കി ആറ്റില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ 186 സാക്ഷികളും 180 രേഖകളുമുണ്ട്.