കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹര്‍ജിക്കാരനും അഭിഭാഷകനും കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രശസ്തിക്കും വ്യക്തി വൈരാഗ്യം നടപ്പാക്കാനും കോടതിയെ കരുവാക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. മാര്‍ത്താണ്ഡം സ്വദേശി ഡി ഫ്രാന്‍സിസ് ആണ് ഹര്‍ജിക്കാരന്‍.
പൊതു ആവശ്യത്തിനല്ലാതെ അമേരിക്കയിലും യുഎഇയിലുമായി വിദേശ യാത്ര നടത്തിയ മുഖ്യമന്ത്രി ഖജനാവില്‍ നിന്ന് പണം കൈപ്പറ്റിയെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസ് രേഖകള്‍ പരിശോധിച്ച കോടതി, മുഖ്യമന്ത്രി പണം കൈപ്പറ്റിയതടക്കമുള്ള വിവരാവകാശ രേഖകള്‍ സമാഹരിച്ചത് പരാതിക്കാരനല്ലെന്നും അഭിഭാഷകനാണെന്നും കണ്ടെത്തി.
അഭിഭാഷകന് ഇക്കാര്യത്തില്‍ എന്താണ് പ്രത്യേക താല്‍പ്പര്യം എന്ന് കോടതി ആരാഞ്ഞു. ശേഷം പ്രശസ്തിക്കും വ്യക്തിവൈരാഗ്യം തീര്‍ക്കാനും കോടതിയെ ഉപയോഗിക്കരുതെന്നും താക്കീതും നല്‍കുകയായിരുന്നു. ഇക്കാര്യത്തില്‍ അഭിഭാഷകനായ എംപി ഹരിപ്രസാദിനോട് രേഖാമൂലം മറുപടി നല്‍കാന്‍ ജസ്റ്റിസ് പി ഉബൈദ് നിര്‍ദേശിച്ചു. മറുപടി തൃപ്തികരം അല്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. കേസ് ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.
Discussion about this post