കൊച്ചി: 12 കോച്ചുകളുള്ള പുതിയ രണ്ട് മെമു ട്രെയിനുകള്‍ കേരളത്തിന് ലഭിക്കും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍മ്മിക്കുന്ന ട്രെയിനുകള്‍ ഈ മാസം അവസാനത്തോടെ തിരുവനന്തപുരം ഡിവിഷനു കൈമാറും. കൊല്ലം-കോട്ടയം, കൊല്ലം-തിരുവനന്തപുരം എന്നീ റൂട്ടിലാകും ഇവ ഓടിക്കുക. നിലവില്‍ ശനിയാഴ്ച സര്‍വ്വീസില്ലാത്ത മെമു സര്‍വ്വീസുകള്‍ പ്രതിദിനമാകും.
പരമ്പരാഗത കോച്ചുകളുളള പാസഞ്ചര്‍ ട്രെയിനുകള്‍ക്കു പകരം മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു) ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിനു 2 പുതിയ മെമു റേക്കുകള്‍ ലഭിക്കുക. ഇതില്‍ കൂടുതല്‍ പേര്‍ക്കു യാത്ര ചെയ്യാമെന്നതിനൊപ്പം പെട്ടെന്നു വേഗം കൂട്ടാനും കുറയ്ക്കാനും കഴിയും. പുതിയ ട്രെയിനുകള്‍ എത്തുന്നതോടെ തിരുവനന്തപുരം ഡിവിഷനിലെ മെമു സര്‍വ്വീസുകള്‍ പ്രതിദിനമല്ലെന്ന പ്രശ്‌നത്തിനു പരിഹാരമാകും.
മംഗളൂരു-ഷൊര്‍ണ്ണൂര്‍ പാത വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലും പൂര്‍ത്തിയായിട്ട് വര്‍ഷങ്ങളായി. എന്നിട്ടും മലബാര്‍ മേഖലയില്‍ മെമു സര്‍വ്വീസ് ഇല്ല. കോഴിക്കോട്-കണ്ണൂര്‍, മംഗളൂരു-കണ്ണൂര്‍, കോഴിക്കോട്-എറണാകുളം റൂട്ടില്‍ മെമു സര്‍വ്വീസുകള്‍ വേണമെന്ന ആവശ്യത്തിന് ഇതുവരെ പരിഹാരം കാണാന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞിട്ടില്ല.