കൊച്ചി: പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പ ആണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളം ആശങ്കയിലായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി നിപ്പയെ തരണം ചെയ്തു എന്ന വാര്‍ത്തകളായിരുന്നു കേരളം കഴിഞ്ഞ മണിക്കൂറുകളില്‍ കേട്ടത്. ഇപ്പോള്‍ നിപ്പയുടെ ഉറവിടം തൊടുപുഴ അല്ല എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. കേന്ദ്രത്തില്‍ നിന്നെത്തിയ വിദഗ്ധ സംഘമാണ് ഈ വിലയിരുത്തല്‍ നടത്തിയത്.
വിദ്യാര്‍ത്ഥി പഠിച്ചിരുന്ന കോളേജിലും താമസിച്ചിരുന്ന വീട്ടിലും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിലെ വിദഗ്ധസംഘം ഉറവിട സാധ്യതാ പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയില്‍, രോഗത്തിന്റെ ഉറവിടം ഇവിടെ നിന്നും അല്ലെന്ന നിഗമനത്തിലെത്തിയെന്ന് ഡിഎംഒ ഡോ. എന്‍ പ്രിയ പറഞ്ഞു. ഈ പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമില്ലെന്നും പ്രദേശവാസികള്‍ അറിയിച്ചു.
അതേസമയം വിദഗ്ധ സംഘം ഈ മേഖലയില്‍ എന്തൊക്കെ പഴങ്ങള്‍ ഉണ്ടായിരുന്നു, അവയുടെ ഇപ്പോഴത്തെ ലഭ്യത എന്നീ വിവരങ്ങള്‍ എല്ലാം ശേഖരിച്ചു. വിദ്യാര്‍ഥികള്‍ ഭക്ഷണം പാകംചെയ്തിരുന്നോ, സമീപകാലത്ത് ഇവര്‍ ഇവിടെ എത്ര ദിവസം താമസിച്ചു തുടങ്ങിയ വിവരങ്ങളും ശേഖരിച്ചു. വിദ്യാര്‍ഥികള്‍ കുടിക്കാനുപയോഗിച്ചിരുന്ന വെള്ളം എടുക്കുന്ന കിണറും പരിസരവും സംഘം വിശദപരിശോധനയ്ക്ക് വിധേയമാക്കി.
Discussion about this post