ഗുരുവായൂര്‍: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകുന്നേരത്തോടെയാണ് അദ്ദേഹം എത്തുക. കേരളത്തിലെത്തുന്ന മോഡി നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനും എത്തും. മോഡിയുടെ വരവ് പ്രമാണിച്ച് ഗുരുവായൂര്‍ ക്ഷേത്രം ഒരുങ്ങി കഴിഞ്ഞു.
ക്ഷേത്രം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിക്ക് തുലാഭാരവും നടത്തും. അതിനായി 112 കിലോയോളം താമരപ്പൂക്കള്‍ എത്തിക്കും. കഴിഞ്ഞ തവണയും അദ്ദേഹത്തിന് താമര കൊണ്ട് തന്നെയാണ് തുലാഭാരം നടത്തിയിരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോഡി 2008 ജനുവരി 14-ന് ദര്‍ശനത്തിനു വന്നപ്പോഴും താമരപ്പൂക്കള്‍ കൊണ്ടാണ് തുലാഭാരം നടത്തിയത്.
112 കിലോ താമരപ്പൂക്കള്‍ ഏല്‍പ്പിച്ചതായി ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസ് ആണ് അറിയിച്ചത്. നാഗര്‍കോവിലില്‍ നിന്നാണ് പൂക്കള്‍ എത്തിക്കുക. ഇവയില്‍ നിന്ന് ആവശ്യത്തിന് അനുസരിച്ചായിരിക്കും ഉപയോഗിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post