കേരളത്തിലെത്തിയ പ്രധാനമന്ത്രിയോട് അനാദരവ് കാണിച്ചു, യതീഷ് ചന്ദ്രയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം: തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ യതീഷ് ചന്ദ്ര വീണ്ടും വിവാദത്തില്‍. കേരളത്തിലെത്തിയ പ്രധാനമന്ത്രിയോട് യതീഷ് ചന്ദ്ര അനാദരവ് കാണിച്ചെന്നാണ് അദ്ദേഹത്തിനെതിരെ ഉള്ള പരാതി. സംഭവം നടന്നത് നാല് മാസം മുമ്പാണ്.

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് ജനുവരിയില്‍ പ്രധാനമന്ത്രി മോഡി തൃശൂരിലെത്തിയപ്പോഴാണ് കേസിനാധാരമായ സംഭവം നടന്നത്. യുവമോര്‍ച്ച സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു മോഡി. അന്ന് കുട്ടനല്ലൂര്‍ ഗവ കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ ഇറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ തൃശൂര്‍ മേയര്‍, ജില്ലാ കലക്ടര്‍, തൃശൂര്‍ കമ്മിഷണര്‍ എന്നിവരെത്തിയിരുന്നു. വനിതകളായ മേയറും കലക്ടറും ഉപചാരപൂര്‍വം പ്രധാനമന്ത്രിയെ വരവേറ്റപ്പോള്‍ കമ്മിഷണര്‍ യതീഷ്ചന്ദ്ര വേണ്ടത്ര ഗൗനിച്ചില്ലെന്നാണു പ്രധാനമന്ത്രിയുടെ ഓഫീസിനും അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും ലഭിച്ച പരാതി.

തുടര്‍നടപടിക്കായി പരാതി സംസ്ഥാനസര്‍ക്കാരിന് അയച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കു നിര്‍ദേശം നല്‍കി.

Exit mobile version