തൃശ്ശൂര്‍; ലോക പരിസ്ഥിതി ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ മരങ്ങള്‍ മുറിച്ച് മാറ്റി. പ്രധാനമന്ത്രിയുടെ ഗുരുവായുര്ക്ഷേത്രദര്ശനത്തിന്റെ ഭാഗമായി ഹെലികോപ്റ്റര്‍ ഇറക്കാന്‍ ഗ്രൗണ്ട് സജ്ജമാക്കാന്‍ വേണ്ടിയായിരുന്നു ഈ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തി.
ഹെലികോപ്റ്റര്‍ ഇറക്കാന്‍ മരകൊമ്പുകള്‍ തടസമാവും എന്ന് ചൂണ്ടികാട്ടിയായിരുന്നു കൂറ്റന്‍ മരങ്ങള്‍ മുറിച്ചത്. ഇതിന് മുമ്പും പല വിവിഐപികളും ഇവിടെ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ആയിരുന്നു അവരുടെ വരവും പോക്കും.
കൂറ്റന്‍ തണല്‍മരങ്ങളാണ് ജില്ലാ ഭരണാധികാരികളുടെ നേതൃത്വത്തില്‍ മുറിച്ച് മാറ്റിയത്. മരക്കൊമ്പ് വീണ് പെണ്‍കുട്ടി മരിച്ച സംഭവം ഇവിടെ ഉണ്ടായിട്ടും പോലും അന്ന് മരങ്ങള്‍ വെട്ടി മാറ്റാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതേ ഗ്രൗണ്ടില്‍ തന്നെയാണ് രണ്ട് മാസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും , രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇറങ്ങിയത്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും അധ്യാപകരും വാതോരാതെ സംസാരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരം പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്. വികസനം ലക്ഷ്യം വെച്ച് കൊണ്ട് പ്രകൃതിക്ക് നേരെയുള്ള അതിക്രമം ഇപ്പോഴും തുടരുകയാണ്.
Discussion about this post