ഗുരുവായൂര്‍: ഋതുമതിയായ സ്ത്രീക്കും ചണ്ഡാളനും ഈശ്വരന്‍ ഒരുപോലെയെന്നെഴുതിയ എഴുത്തച്ഛനെ തിരുത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അനാചാരത്തെ ഉറപ്പിക്കാനുളളതല്ല വിശ്വാസം. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സ്മാരകവും സിസിടിവി കാമറകളുടെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവായൂര്‍ ക്ഷേത്രം തകരട്ടെ എന്ന് കരുതിയല്ല കെ.കേളപ്പന്‍ ഉള്‍പ്പെടെയുളളവര്‍ ഗുരുവായൂര്‍ സത്യാഗ്രഹം നടത്തിയത്. ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ജനതയുടെ അവകാശത്തിന് വേണ്ടിയായിരുന്നു സമരം. സത്യാഗ്രഹത്തിന്റെ അവസാനകാലത്തും അവര്‍ണരുടെ ക്ഷേത്രപ്രവേശനം സാധ്യമായില്ല. പക്ഷെ സാമൂഹ്യ അവബോധത്തില്‍ മാറ്റം ഉണ്ടായി.
ഇത്തരം മാറ്റങ്ങള്‍ക്കെതിരെ ഏക്കാലത്തും യാഥാസ്ഥിതിക വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇവരുടെ അട്ടിപ്പേറെടുക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം തയാറായില്ല. കാരണം മൂഹത്തിന് വേണ്ടിയാണ് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നിലകൊളളുന്നത്. എന്നാല്‍ അന്നത്തെ യാഥാസ്ഥിതിക വിഭാഗത്തിന്റെ അട്ടിപ്പേറെടുക്കുന്നവരാണ് ഇന്ന് മാറ്റങ്ങള്‍ പാടില്ല എന്ന് പറയുന്നത്.
ദുരാചാരങ്ങളെ തുടച്ച് നീക്കിയാണ് നവോത്ഥാന നായകര്‍ പുതിയ കേരളത്തെ നിര്‍മിച്ചത്. അവര്‍ കൊളുത്തിയ വെളിച്ചം തല്ലികെടുത്താനുള്ള ചിലരുടെ ശ്രമത്തെ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.