കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ ഹോട്ടല്‍ കൊച്ചിയില്‍ ആരംഭിക്കുന്നു. കച്ചേരിപ്പടിയിലെ മൂന്ന് നില കെട്ടിടത്തിലെ രണ്ടാം നിലയില്‍ തുടങ്ങുന്ന ഹോട്ടലിന് രുചിമിത്ര എന്നാണ് പേരിട്ടത്. എഴുപതിനായിരം രൂപയാണ് കെട്ടിടത്തിന് വാടക. 10 ലക്ഷം രൂപ ചെലവിട്ടാണ് ഇവര്‍ ഈ സംരംഭം ആരംഭിക്കുന്നത്.
സായ, രാഗരഞ്ജിനി, പ്രീതി, പ്രണവ്, മീനാക്ഷി, അദിതി തുടങ്ങിയവരാണ്ത്തിസംരംഭത്തിന്റെ നെടുന്തൂണുകള്‍. ഈ കെട്ടിടത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് താമസിക്കാനും യോഗ ക്ലാസ് നടത്താനുമുള്ള സൗകര്യമുണ്ട്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ കുറിച്ച് സമൂഹം കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. മാത്രമല്ല ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെ ഇപ്പോള്‍ നമ്മള്‍ അംഗീകരിക്കുന്നു. അതിനിടെയാണ് പുതിയ സംരംഭത്തിന് ഇക്കൂട്ടര്‍ തറക്കലിടുന്നത്.
ഈ സമൂഹം അനുഭവിക്കുന്ന ചില പ്രശ്നങ്ങള്‍ക്കെങ്കിലും പുതിയ പ്രവര്‍ത്തനത്തിലൂടെ പരിഹാരം കാണാനാകുമെന്നാണ് ഇവരുടെ വിശ്വാസം. ഇവരില്‍ ചിലര്‍ കൊച്ചി മെട്രോയില്‍ ജോലി ചെയ്തിരുന്നെങ്കെലും ലഭിക്കുന്ന വരുമാനം താമസമുറിയുടെ വാടക കൊടുക്കാന്‍ പോലും തികയാത്ത സാഹചര്യമുണ്ടായിരുന്നതിനാല്‍ ജോലിയുപേക്ഷിക്കുകയായിരുന്നു.സ്വയംതൊഴില്‍ പരിശീലനങ്ങള്‍ പലതുമുണ്ടായിരുന്നെങ്കിലും മുഴുവന്‍ സമയം ജോലി ചെയ്യാന്‍ പറ്റിയ തൊഴിലാണ് തങ്ങള്‍ അന്വേഷിച്ചതെന്നും ഇവര്‍ പറയുന്നു.
ജില്ലാ പഞ്ചായത്ത് പാര്‍ശ്വവത്കൃത സമൂഹത്തിനായി മാറ്റിവച്ചിരിക്കുന്ന ഫണ്ടായി 10 ലക്ഷം രൂപയുടെ പദ്ധതി ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഹോട്ടല്‍ തുടങ്ങുന്നതിനുള്ള ആലോചനകള്‍ ട്രാന്‍സ്ജന്‍ഡേഴ്സില്‍ തുടങ്ങുന്നത്. തുടക്കത്തില്‍ മുപ്പതോളം പേര്‍ സംരംഭത്തില്‍ പങ്കാളികളാവാന്‍ എത്തിയിരുന്നെങ്കിലും പിന്നീട് ഇത് ആറ് പേരിലേക്ക് ചുരുങ്ങുകയായിരുന്നു.
സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്ന ഇവര്‍ക്ക് തന്റേടത്തോടെ ജീവിക്കാനും ഒരു മാറ്റം കൊണ്ടു വരിക എന്ന ലക്ഷ്യവുമായി എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുദ്ര ചാരിറ്റബിള്‍ സൊസൈറ്റി, ലൈംഗീക ന്യുനപക്ഷങ്ങള്‍ക്കും ജെണ്ടര്‍ ന്യൂനപക്ഷങ്ങള്‍ക്കും സമൂഹവുമായി ഇടപഴുകാനും, അവര്‍ക്ക് മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും തൊഴില്‍ ദായകരാക്കാനും സ്വയം പര്യാപ്തരാക്കാനും കൃത്യമായ ആസൂത്രണത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്.സാമൂഹ്യ ക്ഷേമ വകുപ്പും, ജില്ല പഞ്ചായത്തും ഈ പദ്ധതിയോട് സഹകരിക്കുന്നുണ്ട്. ട്രാന്‍സ് കമ്യുണിറ്റിയുടെ ഉടമസ്ഥതയില്‍, അവര് തന്നെ നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഭക്ഷണശാല, ഏറണാകുളത്ത് കച്ചേരിപ്പടിയില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമത്തിലാണ്.