മേല്‍പ്പാല നിര്‍മ്മാണം; കഴക്കൂട്ടം ബൈപ്പാസ് ആറുമാസത്തേക്ക് അടച്ചു

കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങള്‍ കഴക്കൂട്ടം ബൈപ്പാസ് ജംഗ്ക്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടതുവശത്തെ സര്‍വീസ് റോഡിലൂടെ വേണം പോകാന്‍

തിരുവനന്തപുരം: മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി കഴക്കൂട്ടം ബൈപ്പാസ് ആറുമാസത്തേക്ക് അടച്ചിട്ടു. ഇനി മുതല്‍ വാഹനങ്ങള്‍ സര്‍വീസ് റോഡുകള്‍ വഴിയാണ് പേവേണ്ടത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടി നാല്‍പ്പതോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്.

പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് ദിവസം ഹൈവേ അടച്ചിട്ട് സര്‍വീസ് റോഡുകള്‍ വഴി ഗതാഗതം തിരിച്ചു വിട്ടിരുന്നു. ഇത് വിജയം കണ്ടിരുന്നു. മേല്‍പ്പാല നിര്‍മ്മാണത്തിനായി കഴക്കൂട്ടം ജംഗ്ക്ഷന്‍ മുതല്‍ മുക്കോല വരെയുളള 2.7 കിലോമീറ്റര്‍ ഭാഗത്ത് റോഡ് അടച്ചിട്ടും കാര്യമായ ഗതാഗതക്കുരുക്ക് ഇന്ന് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ആറു മാസത്തേക്ക് സര്‍വീസ് റോഡുകള്‍ വഴി മാത്രമെ ഇനി ഗതാഗതം അനുവദിക്കൂ എന്നാണ് അധികൃതരുടെ തീരുമാനം.

കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങള്‍ കഴക്കൂട്ടം ബൈപ്പാസ് ജംഗ്ക്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടതുവശത്തെ സര്‍വീസ് റോഡിലൂടെ വേണം പോകാന്‍. ചാക്കയില്‍ നിന്നും കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആറ്റിന്‍കുഴിയില്‍ നിന്ന് ഇടതു വശത്തേക്ക് പോകണം. രണ്ട് സര്‍വീസ് റോഡുകളും വണ്‍വേ ആയിരിക്കും. ആക്കുളത്തു നിന്നും ബൈപ്പാസ് വഴി ടെക്‌നോപാര്‍ക്കിലേക്കും കാര്യവട്ടം ഭാഗത്തേക്കും പോകേണ്ട വണ്ടികള്‍ ഇടതു വശത്തെ സര്‍വീസ് റോഡ് വഴിയാണ് പോകേണ്ടത്.

Exit mobile version