ബാലഭാസ്‌കറിന്റെ മരണം: തുമ്പ് തേടി ക്രൈംബ്രാഞ്ച് തൃശ്ശൂരില്‍; ഡ്രൈവര്‍ അര്‍ജുനില്‍ നിന്നും മൊഴിയെടുക്കും

വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തലസ്ഥാനത്തേക്ക് മടങ്ങുന്ന വഴിയാണ് ബാലഭാസ്‌കറിന് അപകടമുണ്ടായത്.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം തൃശ്ശൂരില്‍. ഒപ്പം ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് ഇന്ന് മൊഴിയെടുക്കാനും നീക്കമുണ്ട്. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തലസ്ഥാനത്തേക്ക് മടങ്ങുന്ന വഴിയാണ് ബാലഭാസ്‌കറിന് അപകടമുണ്ടായത്.

ക്ഷേത്രത്തില്‍ ബാലഭാസ്‌കറും കുടുംബവും പൂജ നടത്തിയ വിവരങ്ങള്‍, താമസിച്ച ഹോട്ടല്‍, പുറപ്പെട്ട സമയം എന്നിവയുടെ രേഖകളാകും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആദ്യം പരിശോധിക്കുക. ഇതിനുശേഷം അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് മൊഴിയെടുക്കും.

നേരത്തെ, അപകടത്തില്‍ സംശയങ്ങളുണ്ടെന്ന് ശക്തമായി വാദിച്ച് ബന്ധുക്കള്‍ രംഗത്തെത്തുകയും കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയും ചെയ്യുന്നതിനിടെയാണ് അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ടുപേര്‍ ദൂരൂഹ സാഹചര്യത്തില്‍ കടന്ന് കളയുന്നത് കണ്ടുവെന്ന വാദവുമായി കലാഭവന്‍ സോബി രംഗത്തെത്തിയത്. ഇതോടെ, കൂടുതല്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും രംഗത്തെത്തി.

കലാഭവന്‍ സോബിയുടേയും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ സ്റ്റാഫായിരുന്നില്ല. പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിന് പ്രതിഫലം നല്‍കിയിരുന്നു. ആരുമായും വ്യക്തി വൈരാഗ്യമോ പകയോ ഉണ്ടായിരുന്നതായി അറിവില്ലെന്നുമാണ് ലക്ഷ്മിയുടെ മൊഴി.

Exit mobile version