കൊച്ചി: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് പൂര്‍ണ്ണ പിന്തുണയുമായി നാട്ടുകാര്‍. നിപ്പായെ ചെറുത്ത് തോല്‍പ്പിക്കാനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ നാടായ വടക്കേക്കര പഞ്ചായത്ത് നിവാസികള്‍. ബോധവല്‍ക്കരണ, പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ഒറ്റക്കെട്ടായി ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുകയാണ് ഈ നാട്ടുകാര്‍.
സംസ്ഥാനം മുഴുവന്‍ നിപ്പായെന്ന മഹാമാരിയെകുറിച്ചുള്ള ചര്‍ച്ചകളിലാണ്. എന്നാല്‍ ഇതൊന്നുംകേട്ട് പേടിച്ച് വീട്ടിലിരിക്കാന്‍ വടക്കേക്കര പഞ്ചായത്ത് നിവാസിളെ കിട്ടില്ല. ഉറവിടം വവ്വാലോ വവ്വാല്‍കടിച്ച പഴമോ എന്തുമാകട്ടെ വടക്കേക്കര പഞ്ചായത്തില്‍ കാര്യങ്ങളെല്ലാം പഴയതുപോലെ തന്നെയാണ്. കടകളെല്ലാം തുറന്നു. ആളുകള്‍ ജോലിക്കും പോയി, വേനലവധിയുടെ അവസാന ദിവസങ്ങള്‍ കുട്ടികള്‍ ആഘോഷമാക്കി. ഒറ്റപ്പെടുത്തലും കുത്തുവാക്കുമില്ല, തികഞ്ഞ ജാഗ്രതയിലും ഞങ്ങള്‍ ഒറ്റക്കെട്ടാണെന്നാണ് നാട്ടുകാര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.
രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ തുരുത്തിക്കരയിലെ വീട്ടില്‍ പഞ്ചായത്തധികൃതരും ആരോഗ്യ പ്രവര്‍ത്തകരും ദിവസവും പോകുന്നുണ്ട്. അവര്‍ ഒരിക്കലും ഒറ്റയ്ക്കാവില്ലെന്നും നാട്ടുകാര്‍ പറയുന്നു.
നേരത്തെ കോഴിക്കോട് പേരാമ്പ്രയില്‍ നിപ്പാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഒരു കുടുംബം മാത്രമല്ല ഒരു നാട് തന്നെയായിരുന്നു ഒറ്റപ്പെട്ടത്. കടകള്‍ തുറക്കാതേയും പുറത്തിറങ്ങാതെയും വലിയ ഭീതിയിലായിരുന്നു ആളുകള്‍. എന്നാല്‍ ഇന്ന് സാഹചര്യം മാറി. നിപ്പാ എന്താണെന്നും അതിനെ എങ്ങിനെ നേരിടമെന്നും മനസ്സിലാക്കി കഴിഞ്ഞു മലയാളികള്‍.