കള്ളന്മാര്‍ പെരുകുന്ന സമയമാണ് പൊതുവെ മഴക്കാലം. മഴക്കാലത്ത് രാത്രിയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ അധികം ശ്രദ്ധിക്കപ്പെടില്ല എന്നത് മോഷ്ടാക്കള്‍ക്ക് അനുകൂല ഘടകമാണ്. അതിനാല്‍ മഴക്കാലത്ത് മോഷണ സാധ്യതയേറെയാണ്. ഇത്തരത്തിലുള്ള മോഷണ സാധ്യതകള്‍ കണക്കിലെടുത്ത് ജനങ്ങള്‍ അത്യാവശ്യം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പകര്‍ന്നു നല്‍കുകയാണ് കേരളാപോലീസ്.
കേരളാപോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മോഷണത്തിന് ഇരയാവാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. മഴക്കാലത്ത് അപരിചിതര്‍ രാത്രിയില്‍ വന്നാല്‍ വീടിന്റെ മുന്‍വാതിലുകള്‍ തുറക്കാതെ ജനല്‍ വഴി സംസാരിക്കണമെന്നും വീടിനുപുറത്തും പിന്നിലും അടുക്കളഭാഗത്തും രാത്രി ലൈറ്റ് ഓഫാക്കരുതെന്നും പോലീസ് പറയുന്നു. മറ്റ് നിര്‍ദേശങ്ങള്‍ ഇവയാണ്;
1 പലരും വീടിന്റെ മുന്‍ വാതിലിന് മുന്തിയ പൂട്ടുകള്‍ സ്ഥാപിക്കുകയും പിന്‍വാതിലിന് അത്ര സുരക്ഷാ പ്രാധാന്യം കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന പതിവുണ്ട്. വാതിലിന്റെ എല്ലാ പൂട്ടുകളും ഭദ്രത ഉള്ളതാണെന്ന് ഉറപ്പ് വരുത്തുക. കഴിയുന്നതും മുന്‍,പിന്‍ വാതിലുകള്‍ക്ക് പിന്നില്‍ വിലങ്ങനെയുള്ള ഇരുമ്പ് പട്ടകള്‍ ഘടിപ്പിക്കുന്നത് സുരക്ഷ കൂട്ടാന്‍ ഉപകരിക്കും.
2 ജനല്‍പാളികള്‍ രാത്രി അടച്ചിടുക അപരിചിതര്‍ കോളിങ് ബെല്ലടിച്ചാല്‍ വാതില്‍ തുറക്കാതെ ജനല്‍ വഴി സംസാരിക്കുക.
3 അപരിചിതരായ സന്ദര്‍ശകര്‍, പിരിവുകാര്‍, യാചകര്‍, വീട്ടില്‍ വരുന്ന കച്ചവടക്കാര്‍, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയില്‍ സഞ്ചരിക്കുന്നവര്‍ തുടങ്ങിയവരെ ശ്രദ്ധിക്കുക
4 വീടിനുപുറത്തും പിന്നിലും അടുക്കളഭാഗത്തും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക.
5 വീടിന് പുറത്ത് അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന, കവര്‍ച്ചക്കാര്‍ക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങളായ പാര, കുന്താലി, മഴു, ഗോവണി തുടങ്ങിയവ കഴിയുന്നതും കവര്‍ച്ചക്കാരില്‍ നിന്ന് അകറ്റി സൂക്ഷിക്കുക.
6 അസമയത്ത് വീടിനു പുറത്ത് ആളനക്കമോ മറ്റ് ശബ്ദമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെയോ അയല്‍ക്കാരെയോ റസിഡന്‍സ് ഭാരവാഹികളെയോ അറിയിക്കുക. (112 ല്‍ വിളിച്ചാല്‍ പോലീസ് സഹായം ലഭ്യമാകും. ഹൈവെകളില്‍ സഹായത്തിനായി 9846100100 എന്ന നമ്പറിലും ബന്ധപ്പെടാം.)
7 കഴിയുന്നതും ശക്തവും നീണ്ട വെളിച്ചവുമുള്ള പവര്‍ ടോര്‍ച്ച് / സേര്‍ച്ച് ലൈറ്റുകള്‍ വീടുകളില്‍ കരുതുക.
8 വീട് പൂട്ടി പുറത്തു പോകുന്നവര്‍ മോഷ്ടാക്കള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ഗേറ്റിന് വെളിയില്‍ പൂട്ടിട്ട് പൂട്ടുന്നതിന് പകരം ചങ്ങലയിട്ടോ മറ്റോ ഉപയോഗിച്ച് ഗേറ്റിനകം പൂട്ട് വരത്തക്ക വിധം ലോക്ക് ചെയ്യുക.
9 വീട്ടില്‍ ആളില്ലാത്ത ദിവസങ്ങളില്‍ പത്രക്കാരനോട് പത്രം ഇടേണ്ട എന്നറിയിക്കുക. വീടിനു മുന്നില്‍ ദിവസങ്ങളോളം എടുക്കാതെ കിടക്കുന്ന പത്രങ്ങളും മാഗസിനുകളും മോഷ്ടാക്കളുടെ ശ്രദ്ധ ക്ഷണിച്ചു വരുത്താന്‍ ഇടയുണ്ട്.
10 വീട് പൂട്ടി പോകുന്ന സമയം പുറത്ത് ലൈറ്റ് ഇട്ടിട്ട് പോകാതിരിക്കുക. പകലും രാത്രിയും തുടര്‍ച്ചയായി ലൈറ്റ് കത്തിക്കിടക്കുന്നത് മോഷ്ടാക്കള്‍ക്ക് സൂചന നല്‍കും. അടുത്ത ബന്ധുക്കളെയോ വിശ്വാസമുള്ള അയല്‍ക്കാരെയോ റസിഡന്‍സ് അംഗങ്ങളെയോ സന്ധ്യക്ക് ലൈറ്റ് ഇടാന്‍ ഏര്‍പ്പാട് ചെയ്യുക.
11 സ്വര്‍ണ്ണാഭരണങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക.
12 കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുക. നേരത്തെ തന്നെ വീട്ടില്‍ മടങ്ങിയെത്താന്‍ ശ്രമിക്കുക.
13 കവര്‍ച്ച നടന്നാല്‍ ഉടന്‍ മറ്റുള്ളവരെ അറിയിക്കുകയും സംഘടിതമായി വാഹനത്തില്‍ ഒരേസമയം നാലുഭാഗവും അന്വേഷണം നടത്തുകയും ചെയ്യുക. റെസിഡന്‍സ് ഭാരവാഹികളുടെ / അംഗങ്ങളുടെ സഹായവും തേടാം.
14 പോലീസ് വരുന്നതിന് മുന്‍പ് കവര്‍ച്ച നടന്ന മുറി, വാതില്‍, അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ എന്നിവയില്‍ തൊടാതിരിക്കുക. അങ്ങനെ ചെയ്താല്‍ തെളിവ് നഷ്ടപ്പെടാന്‍ കാരണമാവും.
15 നിരീക്ഷണ ക്യാമറ ഉള്ളവര്‍ രാത്രി റെക്കോഡ് മോഡില്‍ ഇടുക. ക്യാമറ ഓഫ് അല്ലെന്ന് ഉറപ്പുവരുത്തുക.