കാബൂള്‍: ആദ്യമായി മലയാളികളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത സംഘത്തലവനും ഇതേ കേസില്‍ ജിയില്‍ കഴിയുന്ന ബിഹാര്‍ സ്വദേശിനി യാസ്മിന്റെ ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നതോടെ കൂടുതല്‍ സംശയങ്ങള്‍ ഉയരുകയാണ്. റാഷിദിന്റെ ആദ്യഭാര്യയും ഐഎസില്‍ ചേരാന്‍ റാഷിദിനൊപ്പം പോവുകയും ചെയ്ത സോണിയ സെബാസ്റ്റിയന് എന്ന ആയിഷയും സാറയെന്ന കുഞ്ഞും എവിടെയെന്നാണ് ഉയരുന്ന ചോദ്യം. ഇതുവരെയും ആയിഷയേയും കുഞ്ഞിനേയും കുറിച്ച് വ്യക്തമായ ഉത്തരം നല്കാന് അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിലുണ്ടായ ആക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടെന്നാണ് സൂചനകള്‍. 2016 മേയിലാണ് റാഷിദും കുടുംബവും ഐഎസില്‍ ചേരാന്‍ യുഎഇയിലെത്തി അവിടുന്ന് ഇറാനിലേക്കും പിന്നീട് അഫ്ഗാനിസ്ഥാനിലുമെത്തുകയായിരുന്നു.
വാട്സ്ആപ്പ്, ടെലഗ്രാം ആപ്പുകളില്‍ ഗ്രൂപ്പുകളുണ്ടാക്കി അതുവഴി, ആളുകളെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുകയായിരുന്നു റാഷിദെന്ന് പടന്നയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ ബിസി റഹ്മാന് പറയുന്നു. നേരത്തെ, ഒരു തവണ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ ശബ്ദസന്ദേശം അയച്ച് റാഷിദ് അത് നിഷേധിച്ചിരുന്നുവെന്നും റഹ്മാന് പറയുന്നു.
അതേസമയം, റാഷിദ് പഠിച്ചതും വളര്‍ന്നതും ഒമാനിലാണ്. മസ്കറ്റിലെ സ്കൂള്‍ പഠനത്തിന് ശേഷം ബിടെക് പഠിക്കാന്‍ കോട്ടയം പാലായിലെത്തി. യൂണിവേഴ്സിറ്റി കലോത്സവങ്ങള്‍ക്കിടെയാണ് എറണാകുളത്ത് പഠിക്കുന്ന വൈറ്റില സ്വദേശിനിയായ സോണിയ സെബാസ്റ്റ്യനെ റാഷിദ് പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള പലസാമ്യതകളുമാണ് പരസ്പരം അടുപ്പിച്ചത്. സോണിയയും പഠിച്ചത് വിദേശത്തായിരുന്നു. ബഹ്റൈനില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി എഞ്ചിനീയറിങ് പഠനത്തിനാണ് സോണിയ നാട്ടിലെത്തിയത്. റാഷിദും എഞ്ചിനീയറിങ് പഠനത്തിനായാണ് നാട്ടിലെത്തിയത്.
പിന്നീട് പഠനം പൂര്‍ത്തിയാക്കിയ ശേഷം റാഷിദ് കുറച്ചുകാലം ദുബായിയില്‍ ജോലിക്കു പോയി. ഇക്കാലത്തും ഇരുവരുടേയും ബന്ധം ദൃഢമായിരുന്നു. സോണിയ ബംഗളൂരുവില്‍ എംബിഎ പഠനത്തിനും ചേര്‍ന്നു. ഇക്കാലത്താണ് സോണിയ ഇസ്ലാം മതത്തില്‍ ചേരാന്‍ താല്പര്യം കാണിച്ചത്. എംബിഎ പഠനം പൂര്‍ത്തിയാക്കിയ കാലത്ത് സോണിയ ഇസ്ലാം മതം സ്വീകരിച്ചു. വീട്ടുകാരുമായി അകന്ന സോണിയ പിന്നാലെ തൃക്കരിപ്പൂരിലുള്ള പീസ് ഇന്റര്‍നാഷനല്‍ സ്കൂളില്‍ അധ്യാപികയായി. പിന്നീട് ദുബായിയിലുള്ള ജോലി ഉപേക്ഷിച്ച റാഷിദ് സോണിയയെ വിവാഹം ചെയ്യുകയും ചെയ്തു. റാഷിദ് ആദ്യം എറണാകുളത്ത് ജോലി നോക്കിയെങ്കിലും വൈകാതെ പീസ് സ്കൂളിലെത്തി അധ്യാപകനായി. ഈ സമയത്താണ് ഐഎസ് ആശയങ്ങളില്‍ റാഷിദ് തല്പരനായത്. ഇതേസ്കൂളില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയായ യാസ്മിനെ റാഷിദ് പരിചയപ്പെട്ടതാണ് ഐഎസ് ആഭിമുഖ്യത്തിന് കാരണമായത്. പിന്നീട് യാസ്മിനെയും റാഷിദ് വിവാഹം ചെയ്തു. കാസര്‍കോട് നിന്ന് പതിനഞ്ചു പേര് ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത സംഭവത്തില്‍ ഏഴ് വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലാണ് യാസ്മിന് ഇപ്പോള്‍. കേരളത്തില്‍ ചാവേര്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനും റാഷിദുമായി ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് റാഷിദ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. എങ്കിലും ആയിഷയേയും കുഞ്ഞിനേയും കുറിച്ച് വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
Discussion about this post