തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റേത് അപകട മരണമല്ലെന്ന വെളിപ്പെടുത്തലുമായി മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി. മരണത്തിന് പിന്നിലെ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തുമെന്നും മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങളും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും സോബി പറഞ്ഞു.
വെളിപ്പെടുത്തലിന് ശേഷം താന്‍ ഭീഷണി നേരിടുന്നുണ്ടെന്നും കൊച്ചിയിലെത്തിയ ശേഷം ബാക്കി വെളിപ്പെടുത്തലുണ്ടാകുമെന്നും സോബി വിശദീകരിച്ചു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് പിന്നാലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് സോബിയെ വിളിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ഓഫീസിലേക്കെത്തി മൊഴി നല്‍കിയത്. അപകടം നടന്നതിന് പിന്നാലെ അതുവഴി സഞ്ചരിച്ച താന്‍ അപകടസ്ഥലത്ത് നിന്നും രണ്ടുപേര്‍ രക്ഷപ്പെടുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ നേരത്തെയുള്ള വെളിപ്പെടുത്തല്‍. ഇതില്‍ ദുരൂഹതയുണ്ടെന്നും സോബി വെളിപ്പെടുത്തിയിരുന്നു.
ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്നതിനിടെയാണ് ബാലഭാസ്‌കറുമായി അടുപ്പമുള്ളവര്‍ തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളാകുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അപകടം നടന്ന് 10 മിനിറ്റ് കഴിഞ്ഞ് ദേശീയ പാത വഴി പോകുമ്പോള്‍ അപകട സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടുവെന്ന് കലാഭവന്‍ സോബി വെളിപ്പെടുത്തിയത്. ഇതിനെത്തുടര്‍ന്നാണ് സോബിയോട് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.
Discussion about this post