കോഴിക്കോട്: സംസ്ഥാനത്തെ ഭീതിയിലാക്കി നിപ്പാ രണ്ടാമത് എത്തുമ്പോള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ് ആത്മവിശ്വാസം പകരുകയാണ് നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. നഴ്‌സ് ലിനിയുടെ വിയോഗം കേരളക്കരയുടെ നെഞ്ചകം തകര്‍ത്ത ഒന്നാണ്. കോഴിക്കോട് ആദ്യമായി എത്തിയ നിപ്പാ വൈറസ് നിരവധി ജീവനുകള്‍ എടുത്ത ശേഷമാണ് മാറിപോയത്. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം വീണ്ടും വൈറസ് എത്തുകയാണ്.
ഇതാണ് ഏവരിലും ഭീതി ഉണര്‍ത്തിയത്. നിപ്പാ വൈറസ് എടുത്ത ജീവനുകളില്‍ ഇന്നും മായാതെ നില്‍ക്കുന്ന മുഖമാണ് നഴ്‌സ് ലിനിയുടേത്. നിപ്പാ പിടിപ്പെട്ട രോഗിയെ പരിചരിച്ച് ഒടുവില്‍ മരണത്തിലേയ്ക്ക് നടന്നു കയറിയ മാലാഖയാണ് ലിനി. ഇന്നും കേരളക്കരയുടെ മനസിലെ മാലാഖ തന്നെയായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ആത്മവിശ്വാസം പകര്‍ന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് എത്തിയിരിക്കുന്നത്.
ഭയം തെല്ലും വേണ്ടെന്നാണ് സജീഷ് പറയുന്നത്. നിപ്പാ കേരളത്തില്‍ വീണ്ടും സ്ഥിരീകരിക്കുമ്പോള്‍ നമ്മള്‍ അതിജീവിക്കും എന്നും സജീഷ് പറയുന്നു. തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിയാന്‍ കഴിഞ്ഞതും, കഴിഞ്ഞ തവണത്തെ അനുഭവ സമ്പത്തും ആരോഗ്യവകുപ്പിന്റെ മികച്ച ഇടപെടലുകളും നിപ്പായെ വീണ്ടും പ്രതിരോധിക്കാന്‍ സഹായകരമാവും എന്ന് പ്രതീക്ഷിക്കുന്നതായും സജീഷ് വ്യക്തമാക്കി. ഇത്തവണയും മികച്ച ഇടപെടല്‍ തന്നെയാണ് ആരോഗ്യവകുപ്പിന്റേതെന്നും സജീഷ് കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ശ്രമിക്കണമെന്നുള്ള മുന്നറിയിപ്പും സജീഷ് നല്‍കുന്നുണ്ട്. രോഗത്തെ ഭയപ്പെടാതെ മറികടക്കാം. ആരോഗ്യ വകുപ്പില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ട്. നിപ്പായെ കരുത്തോടെ നേരിട്ട പഴയ പാഠങ്ങളിലൂടെ ഇത്തവണയും മറികടക്കാം. എല്ലാത്തിനും ആരോഗ്യവകുപ്പ് സുസജ്ജമാണെന്നതിന്‍ സന്തോഷമുണ്ടെന്നും സജീഷ് കൂട്ടിച്ചേര്‍ത്തു.