കൊച്ചി: സംസ്ഥാനത്ത് ഭീതി പടര്‍ത്തുന്ന നിപ്പാ ബാധയെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ സംഭവത്തില്‍ രണ്ട് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. സമൂഹമാധ്യമങ്ങളിലുടെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരുടെ അക്കൗണ്ടുകള്‍ പോലീസ് നിരീക്ഷിക്കുന്നതായും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.
കൊച്ചി സിറ്റി പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പാ ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഊര്‍ജ്ജിതമാക്കിയതായി ആരോഗ്യ മന്ത്രി കെകെ ഷൈലജ അറിയിച്ചു. രോഗം തടയാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിപ്പാ സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിച്ച് 110 കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിന് ലഭിച്ചത്. ഭയപ്പെടുകയല്ല വേണ്ടതെന്നും ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് മന്ത്രി അറിയിച്ചു. ഇതുവരെ ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കളമശേരിയില്‍ നിരീക്ഷണത്തിലുള്ള അഞ്ച് പേരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ല. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്കായി നാളെ അയക്കും.
Discussion about this post