കൊച്ചിയിലെ രോഗിക്ക് നിപ്പാ സ്ഥിരീകരിച്ചതോടെ സോഷ്യല്‍മീഡിയയില്‍ ഫോര്‍വേഡ് മെസേജുകളുടെ പ്രളയമാണ്. ബോധവത്കരണത്തിന്റെ സന്ദേശങ്ങള്‍ക്കൊപ്പം തന്നെ പരിഭ്രാന്തി പരത്തുന്ന വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നുണ്ട് ചിലര്‍. ഇതിനെതിരെ നിയമ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. അതേസമയം, പൊതുജനങ്ങള്‍ പരിഭ്രാന്തരാകാതിരിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളും സന്ദേശങ്ങള്‍ കൈമാറുന്നുണ്ട്. ഇതേ മാതൃകയില്‍ ബോധവത്കരണ പോസ്റ്റിട്ട ടൊവീനോ തോമസിനെതിരെ വൈറസ് സിനിമയുടെ പ്രമോഷനെന്ന് വിമര്‍ശിച്ച് ഒരു വ്യക്തി രംഗത്തെത്തിയതും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി.
ടൊവീനോ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റിന് താഴെയാണ് സിനിമയുടെ പരസ്യമാണിതെന്ന് ഒരാള്‍ കമന്റിട്ടത്. ഇതിന് പിന്നാലെ മറുപടിയുമായി ടൊവീനോ തന്നെ രംഗത്തെത്തി. താങ്കളുടെ ഈ സമീപനം നിരാശാജനകമാണെന്നും അങ്ങനെ തോന്നുന്നുവെങ്കില്‍ താങ്കള്‍ സിനിമ കാണേണ്ട എന്നുമായിരുന്നു ടൊവീനോയുടെ മറുപടി. താരത്തിന്റെ മറുപടിയെ പിന്തുണച്ച് നിരവധി പേരാണ് കൂട്ടത്തോടെ എത്തിയത്.
കഴിഞ്ഞവര്‍ഷം, കോഴിക്കോട് പടര്‍ന്ന് പിടിച്ച നിപ്പാ വൈറസ് ബാധയെ അടിസ്ഥാനമാക്കി സംവിധായകന് ആഷിക്ക് അബു ഒരുക്കിയ വൈറസ് എന്ന ചിത്രത്തില്‍ ടൊവീനോയും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ മാസം ഏഴിന് ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post