കോഴിക്കോട്: നീറ്റ് പരീക്ഷ പാസായ വിദ്യാര്‍ത്ഥിക്ക് ഉക്രൈനില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഏജന്റ് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ പട്ടികജാതി വിദ്യാര്‍ത്ഥിനിയും കുടുംബവുമാണ് തട്ടിപ്പിന് ഇരയായത്. ഏജന്റായി പണം തട്ടിയ തിരൂര്‍ സ്വദേശി റസീന്‍ താപ്പിക്കെതിരെയാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്.
പുതിയങ്ങാടി സ്വദേശിയായ കൃഷ്ണന്‍കുട്ടിയുടെയും ഭാര്യ സബിതയുടെയും മകള്‍ നീറ്റ് പരീക്ഷ പാസായിരുന്നു. ഇതറിഞ്ഞ ഏജന്റ് ഇവരെ വിളിച്ച് എംബിബിഎസ് പഠനത്തിന് സൗകര്യമേര്‍പ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു. ആദ്യം ചൈനയില്‍ സീറ്റ് ലഭ്യമാക്കാമെന്നായിരുന്നു വാഗ്ദാനം ചെയ്തത്. ഇതിനായി ഇവരില്‍ നിന്നും മൂന്ന് ലക്ഷം രൂപയോളം വാങ്ങുകയും ചെയ്തു.
എന്നാല്‍ പിന്നീട് ചൈനയില്‍ സീറ്റ് ഒഴിവില്ലെന്നും ഉക്രൈനിലെ യൂണിവേഴ്‌സിറ്റിയില്‍ സീറ്റ് വാങ്ങി നല്‍കാമെന്നും ഇവരെ അറിയിച്ചു. ശേഷം ആറു ലക്ഷം രൂപയോളം വാങ്ങുകയും ചെയ്തു. തുടര്‍ന്ന് ഏജന്റിന്റെ ആളുകള്‍ കുട്ടിക്ക് ഉക്രൈനിലെ ഡൊണാസ്‌ക് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം വാങ്ങി നല്‍കി.എന്നാല്‍ അവിടെ അഡ്മിഷനെടുത്തപ്പോഴാണ് ഇത് അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റിയാണെന്ന് കുടുംബം മനസ്സിലാക്കിയത്.
തങ്ങള്‍ ചതിക്കപ്പെട്ടെന്ന് മനസിലായതോടെ രക്ഷിതാക്കള്‍ ഏജന്റിനെ സമീപിച്ചു. എന്നാല്‍ കാര്യമൊന്നുമുണ്ടായില്ല. തുടര്‍ന്ന് ഏജന്റിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്വര്‍ണം പണയം വെച്ചും പലരില്‍ നിന്നായി കടം വാങ്ങിയുമാണ് ഒമ്പത് ലക്ഷം രൂപ ഏജന്റിന് നല്‍കിയതെന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഉക്രൈനിലെ മലയാളി വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് പെണ്‍കുട്ടി അവിടെ കഴിയുന്നത്. മറ്റ് പലരെയും ഈ ഏജന്റ് കബളിപ്പിച്ചതായി പരാതിയുണ്ട്.
Discussion about this post