കൊട്ടിയം: ബൈക്കില്‍ ഉരസിയ ശേഷം നിര്‍ത്താതെ പോയ കല്ലട ബസിനു നേരെ കല്ലെറിഞ്ഞ് പ്രതിഷേധം തീര്‍ത്ത് നാട്ടുകാര്‍. പ്രതിഷേധം കനത്തതോടെ ഡ്രൈവര്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇതോടെ യാത്ര പാതിവഴിയില്‍ മുടങ്ങി. ദേശീയപാത കൊല്ലൂര്‍വിള പള്ളിമുക്കിനടുത്ത് ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ബസ് പള്ളിമുക്ക് പെട്രോള്‍ പമ്പിന് സമീപം ബൈക്കില്‍ ഉരസിയ ശേഷം നിര്‍ത്താതെ പോയി. ബൈക്ക് യാത്രികര്‍ക്ക് നേരെ അസഭ്യ വര്‍ഷം ചൊരിഞ്ഞാണ് ബസ് നിര്‍ത്താതെ പോയത്. പിന്നാലെ നാട്ടുകാര്‍ ഒത്തു കൂടി ബസിനെ പിന്തുടര്‍ന്നു. അവിടം കൊണ്ടും കല്ലട ബസ് ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. പിന്തുടര്‍ന്ന ബൈക്കുകളിലൊന്നിനെ ബസ് വീണ്ടും തട്ടി. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ ബസിനു നേരെ കല്ലെറിഞ്ഞ് പ്രതിഷേധം നടത്തുകയായിരുന്നു.
കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഇതോടെയാണ് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തെ യാത്രക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കല്ലട ബസ് വിവാദത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി നിയമനടപടികളാണ് കല്ലട ട്രാവല്‍സിന് നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാനിറങ്ങിയ യുവതിയെ കയറ്റാതെ പോയതും വിവാദത്തില്‍ കലാശിച്ചിരുന്നു.
Discussion about this post