കൊച്ചി: മോഷണ ശ്രമം തടയാന്‍ പുതിയ സംവിധാനവുമായി പോലീസ് എത്തുന്നു. വീട്ടിലോ വ്യാപരസ്ഥാപനത്തിലോ മോഷ്ടാക്കള്‍ കയറിയാല്‍ ഉടന്‍ പോലീസ് കണ്ട്രോള് റൂമില്‍ അറിയുന്ന സംവിധാനമാണ് കേരളത്തില്‍ അധികം വൈകാതെ വരുന്നത്. ആദ്യഘട്ടത്തില്‍ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) എന്ന പദ്ധതി കൊച്ചിയിലാണ് നടപ്പാക്കുക.
സിറ്റി പോലീസ് കമ്മിഷണര്‍ എസ് സുരേന്ദ്രന്, ഡെപ്യൂട്ടി കമ്മിഷണര്‍ ജെ. ഹിമേന്ദ്രനാഥ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കെല്‍ട്രോണുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വീടുകളിലും മറ്റും 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സിഐഎംഎസ് പരിരക്ഷയുള്ള സ്ഥലങ്ങളില്‍ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ മൂന്നു മുതല്‍ ഏഴു സെക്കന്‍ഡിനകം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള കണ്ട്രോള് റൂമില്‍ ജാഗ്രതാ നിര്‍ദേശവും സംഭവങ്ങളുടെ ലൈവ് വീഡിയോയും ലഭിക്കും. ഇതോടൊപ്പം ലോക്കല്‍ കണ്ട്രോള് റൂമിലേക്കും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്കും സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലിഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറും.
അതിനാല്‍ അക്രമി രക്ഷപ്പെടുന്നതിന് മുമ്പ് തന്നെ പോലീസിന് സംഭവസ്ഥലത്തെത്തി ഇവരെ പിടികൂടാന്‍ സാധിക്കും. സെന്‍സര്‍, ക്യാമറ, കണ്ട്രോള് പാനല്‍ എന്നിവയാണ് സിഐഎംഎസിന് ആവശ്യം. മൊബൈല്‍ ഫോണുകള്‍ പോലെ ജിഎസ്എം സംവിധാനത്തിലാണ് വിവരങ്ങള്‍ കൈമാറുക. അക്രമികള്‍ എത്തിയാല്‍ ക്യാമറയും സെന്‍സറുകളും പ്രവര്‍ത്തനക്ഷമമാകും. തുടര്‍ന്ന് ദൃശ്യങ്ങള്‍ കണ്ട്രോള് റൂമിലേക്ക് തല്‍സമയം എത്തുകയും ചെയ്യും.
കണ്ട്രോള് റൂമിലുള്ളവര്‍ക്ക് ദൃശ്യങ്ങള്‍ കാണാമെന്നതിനാല്‍ തെറ്റായ സന്ദേശം വന്നാലും ഉടന്‍ തന്നെ തിരിച്ചറിയാനാകും. ഇത്തരത്തില്‍ ലഭിക്കുന്ന ദൃശ്യങ്ങള്‍ മൂന്നു മാസം വരെ സൂക്ഷിക്കാനാകുമെന്നും പോലീസുദ്യോഗസ്ഥര്‍ പറയുന്നു. പത്തുലക്ഷം ഉപഭോക്താക്കളെ വരെ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ കഴിയും.രണ്ട് കമ്പനികളുടെ ഇന്റര്‍നെറ്റ് സംവിധാനമാണ് ഉപയോഗിക്കുന്നതെന്നും കെല്‍ട്രോണ്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി എസ്പി ഗോപകുമാര്‍ പറഞ്ഞു.
ഈ സംവിധാനത്തിന് കുറഞ്ഞത് 30,000 വരെ രൂപയാകും ചെലവു വരികയെന്നാണ് വിലയിരുത്തല്‍. കൂടാതെ പ്രതിമാസം 700-2,500 രൂപ വരെ ഫീസ് കെല്‍ട്രോണ്‍ ഈടാക്കും. വ്യാപാര സ്ഥാപനങ്ങളിലും എടിഎമ്മുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണവും കുറയും. മോഷണങ്ങളും അക്രമങ്ങളും വലിയ തോതില്‍ തടയാമെന്നാണ് കരുതുന്നതെന്നും പോലീസുദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post