തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റ അപകട മരണത്തില്‍ ദുരൂഹത ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നു എന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാലഭാസ്കറിന്റെ ഭാര്യയുടെ മൊഴി നിര്‍ണ്ണായകമാവുകയാണ്. അപകടസമയത്ത് വാഹനത്തില്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നു എന്ന് പറയുന്നത് കള്ളമാണെന്നാണ് ലക്ഷ്മിയുടെ മൊഴി. തനിക്ക് ആകെ 25പവനില്‍ താഴെ മാത്രമേ സ്വര്‍ണ്ണമുള്ളൂ എന്നും അതില്‍ കുറച്ച് മാത്രമേ അന്ന് ധരിച്ചിരുന്നുള്ളൂ എന്നും ലക്ഷ്മി വ്യക്തമാക്കി. മാത്രമല്ല അപകടത്തിന് ശേഷം വാഹനത്തിന്റെ ചിത്രം പോലീസ് പകര്‍ത്തിയതാണെന്നും അവര്‍ പറഞ്ഞു.
”സംഗീതം മാത്രമായിരുന്നു ബാലുവിന്റെ വഴി. പാരമ്പര്യമായി കിട്ടിയതും അതാണ്. ഏറെ കഷ്ടപ്പെട്ടാണു ഞങ്ങള്‍ ഓരോ ചെറിയ സമ്പാദ്യങ്ങളും ഉണ്ടാക്കിയത്. ബാലുവിന്റെ വയലിനുകള്‍ വരെ വിറ്റു കളഞ്ഞു എന്നാണു പറയുന്നത്. ബാലുവെന്നാല്‍ വയലിനെന്നു കരുതുന്ന ഞാനതു ചെയ്യില്ല. വയലിനുകളെല്ലാം ഈ വീട്ടിലുണ്ട്. ബാലു ഇല്ലാത്തതു കൊണ്ടുമാത്രമാണ് ഞങ്ങളുടെ ദാമ്പത്യബന്ധത്തെക്കുറിച്ചു വരെ കഥകള്‍ പടച്ചുവിടാന്‍ പലര്‍ക്കും ധൈര്യമുണ്ടാവുന്നത്”.
ബാലുവിന്റെയും മകളുടെയും ഓര്‍മകളുമായി രണ്ടാം ജന്മത്തിലേക്കു ലക്ഷ്മി പിച്ച വയ്ക്കുന്നതേയുള്ളൂ. തുടര്‍ച്ചയായ ശസ്ത്രക്രിയകള്‍, ഇനിയും പൂര്‍ണമായി വഴങ്ങിയിട്ടില്ലാത്ത കാലും കൈവിരലുകളും. ലക്ഷ്മി പറയുന്നു,’അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ഞാനേയുള്ളൂ’.
Discussion about this post