വെള്ളറട: അപകടദിവസം ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന ലക്ഷ്മി ബാലഭാസ്‌കറിന്റെ മൊഴി ശരിവെച്ച് ദൃക്‌സാക്ഷികള്‍. തന്റെ കണ്‍മുന്നില്‍വെച്ചാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ മരത്തിലേക്ക് ഇടിച്ചുകയറിയതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി. ദുരൂഹമായ ആ അപകടം നടക്കുമ്പോള്‍ കാറിന് തൊട്ടുപിന്നാലെ കെഎസ്ആര്‍ടിസി ഓടിച്ച് വെള്ളറട സ്വദേശിയായ അജിയുമുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ ഇന്നോവയും മറ്റൊരു കാറും ആറ്റിങ്ങല്‍ മുതല്‍ തന്റെ ബസിന് മുന്നിലുണ്ടായിരുന്നെന്ന് അജി പറഞ്ഞു. ബസിന് 150 മീറ്റര്‍ മുന്നിലായിരുന്നു ഇന്നോവ. അതിന് മുന്നിലായി ഒരു സ്വിഫ്റ്റ് കാര്‍. പള്ളിപുറത്തെ വളവ് കഴിഞ്ഞ ഇന്നോവ വലത്തേക്കു നീങ്ങി. ദിശ തെറ്റി റോഡിന്റെ വലതുവശത്തേക്ക് ഇറങ്ങി. മരത്തിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ പുക ഉയരുകയും ചെയ്തു.
ബസ് മുന്നോട്ട് മാറ്റി നിര്‍ത്തി ബസിലെ കണ്ടക്ടര്‍ തിരൂര്‍ സ്വദേശി വിജയനും താനും അപകടസ്ഥലത്തേക്ക് ഓടിയെത്തിയെന്നും അജി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിന്റെ ഡോറുകള്‍ തുറക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കാറിനകത്ത് ആദ്യം കണ്ടത് കാറിനുള്ളില്‍ ബ്രേക്ക് ലിവറിന് സമീപം കുരുങ്ങികിടക്കുന്ന കുഞ്ഞിനെയാണ്. മുന്‍ സീറ്റിലെ സ്ത്രീ അബോധാവസ്ഥയിലായിരുന്നു. ബര്‍മുഡ ധരിച്ച് ഡ്രൈവര്‍ സീറ്റിലിരുന്നയാള്‍ക്ക് ബോധമുണ്ടെങ്കിലും തലയാട്ടി രക്ഷപ്പെടുത്താന്‍ കേഴുന്നുണ്ടായിരുന്നു. കാറിന്റെ മധ്യഭാഗത്തെ സീറ്റില്‍ കുര്‍ത്ത ധരിച്ചയാള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ടത് ബാലഭാസ്‌കറാണെന്ന വിവരം പിന്നീടാണ് അറിഞ്ഞത്. പൊന്നാനി ഡിപ്പോയിലെ താത്കാലിക ഡ്രൈവറാണ് അജി. സീറ്റിലിരുന്ന ആള്‍ അര്‍ജുനാണെന്ന് ഈ മൊഴിയില്‍ നിന്നും വ്യക്തമാണ്.
ഇക്കാര്യം ശരിവെയ്ക്കുന്നതാണ് അപകടസമയത്ത് ഓടിയെത്തിയ മറ്റൊരു കാറിന്റെ ഡ്രൈവറായ വര്‍ക്കല സ്വദേശി അശ്വിന്‍ എന്ന നന്ദുവും.വാഹനം ഓടിച്ചതാരെന്നത് വിവാദമായപ്പോഴാണ് പോലീസുമായി ബന്ധപ്പെട്ടതെന്ന് നന്ദു പറയുന്നു. തുടക്കത്തില്‍ നല്ല മറുപടിയല്ല ലഭിച്ചത്. അതിനാല്‍, ബാലഭാസ്‌കറിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ പോലീസില്‍ മൊഴി നല്‍കുകയായിരുന്നു. അര്‍ജുന്റെ ചിത്രം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നന്ദു തിരിച്ചറിഞ്ഞിട്ടുമുണ്ട്.
വിമാനത്താവളത്തില്‍നിന്ന് ബന്ധുവിനെ കൂട്ടി മടങ്ങുമ്പോഴായിരുന്നു സംഭവം. കാറിന്റെ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ടീഷര്‍ട്ടും ഷോട്സും ധരിച്ച ആളാണ്. ഇയാളുടെ കാലുകള്‍ ഒടിഞ്ഞുതൂങ്ങിയിരുന്നു. മുന്‍സീറ്റില്‍ ഇടതുഭാഗത്ത് ലക്ഷ്മിയും കുഞ്ഞുമാണ് ഉണ്ടായിരുന്നത്. ഡോറുകള്‍ ബലം പ്രയോഗിച്ചാണ് തുറന്നത്. ആശുപത്രിയിലേക്കുപോയ പോലീസ് വാഹനത്തില്‍ കുഞ്ഞിനെയുമെടുത്ത് കയറിയത് തന്റെ സഹോദരനായ പ്രണവാണ്. ബാലഭാസ്‌കര്‍ പിന്നിലെ സീറ്റില്‍നിന്ന് താഴെ വീണുകിടക്കുകയായിരുന്നു. കാലുകള്‍ ഒടിഞ്ഞുതൂങ്ങിയതിനാല്‍ ഡ്രൈവറെ മുന്‍വശത്തെ വാതില്‍ വഴി പുറത്തേക്കിറക്കാതെ പുറകിലത്തെ സീറ്റു വഴിയാണ് പുറത്തെടുത്തതെന്നും നന്ദു വിശദീകരിക്കുന്നു.
Discussion about this post