കോഴിക്കോട്: കഴിഞ്ഞ വര്‍ഷം ഇതേ സമയത്തായിരുന്നു കേരളത്തെ നടുക്കി നിപ്പ വൈറസ് ആദ്യമായി തലപൊക്കിയത്. അന്ന് പതിനേഴോളം ആളുകളാണ് മരണത്തിന് കീഴടങ്ങിയത്. ഇത് രണ്ടാം തവണയാണ് നിപ്പ കേരളത്തില്‍ എത്തുന്നതെങ്കിലും ജനങ്ങള്‍ ആശങ്കയിലാണ്. എന്നാല്‍ ഈ അവസരത്തില്‍ ഭീതിയിലായ ആളുകള്‍ക്ക് ധൈര്യം പകരുകയാണ് നിപ്പയെ അതിജീവിച്ച കോഴിക്കോട് സ്വദേശിനിയായ നഴ്സിങ് വിദ്യാര്‍ത്ഥിനി അജന്യ.
അന്ന് കോഴിക്കോടിനെ ബാധിച്ച നിപ്പ ഇന്ന് കൊച്ചിയെ ബാധിച്ചിരിക്കുന്നു. തനിക്ക് നിപ്പ ആണെന്ന് അറിയില്ലായിരുന്നു എന്നും അജന്യ പറയുന്നു. മരണക്കിടക്കയില്‍ നിന്ന് വന്ന തനിക്ക് ഇത് രണ്ടാം ജന്മമാണെന്നാണ് ഈ മിടുക്കി പറയുന്നത്. ഭയപ്പെടരുത് എന്നാണ് അജന്യ പറയുന്നത്. മരണത്തെ മുഖാമുഖം കണ്ടതിന്റെ അനുഭവത്തിലാണ് പറയുന്നതെന്നും ആശങ്കപെടേണ്ടതില്ലെന്നും അജന്യ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്റണ്‍ഷിപ്പിന്റെ ഭാഗമായാണ് അജന്യ അത്യാഹിത വിഭാഗത്തിലെത്തുന്നത്. അവിടെ നിന്ന് തിരിച്ച് ഹോസ്റ്റലില്‍ എത്തിയ ശേഷമാണ് പനി തുടങ്ങുന്നത്. സാധാരണ പനിയാണെന്ന് കരുതി. എങ്കിലും ഡോക്ടറെ കണ്ടപ്പോള്‍ വീട്ടില്‍ പോയി വിശ്രമിച്ചുകൊള്ളാന്‍ പറയുകയായിരുന്നു. വീട്ടിലെത്തി പിറ്റേദിവസം പനി കൂടി. ഛര്‍ദ്ദിയും ക്ഷീണവും കാരണം തലപ്പൊക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. ദേഹമാസകലം അസഹനീയ വേദനയും തുടങ്ങി. മെയ് 18നാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് വിട്ടു. ഇത്രയും സംഭവങ്ങള്‍ മാത്രമേ അജന്യക്ക് ഓര്‍മ്മയുള്ളൂ. പിന്നീട് കണ്ണ് തുറന്നത് 10 ദിവസം കഴിഞ്ഞാണെന്നാണ് കുട്ടി പറയുന്നത്. ഡോക്ടറുമാരും നഴ്സുമാരുമെല്ലാം മാസ്ക്ക് ഒക്കെ ധരിച്ചാണ് അടുത്ത് നിന്നിരുന്നത്.
നിപ്പ എന്താണെന്ന് പോലും അറിയില്ലായിരുന്നു. തന്നെക്കാള്‍ കൂടുതല്‍ വേദന അനുഭവിച്ചത് വീട്ടുകാരാണ്. എന്തുചെയ്യണമെന്ന് അറിയാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. വൈറസ് ശരീരത്തില്‍ നിന്നും പൂര്‍ണ്ണമായി നീങ്ങിക്കഴിഞ്ഞാല്‍ ഭയക്കേണ്ട ആവശ്യമില്ല എന്നും അജന്യ പറയുന്നു. ‘നിപ്പ എന്താണെന്ന് പോലും അറിയാതെ നിപ്പ വന്നയാളാണ് ഞാന്‍. എന്നിട്ടും ഞാന്‍ മരണത്തെ അതിജീവിച്ചില്ലേ. ഇപ്പോള്‍ നമുക്ക് അസുഖമെന്താണെന്നും അതിനുള്ള പ്രതിവിധിയെന്താണെന്നും അറിയാം. ഒരുവട്ടം പ്രതിസന്ധി മറികടന്നവരാണ് നമ്മള്. ഇനിയും അതീജവിക്കുക തന്നെ ചെയ്യും’.- അജന്യ പറഞ്ഞു.
Discussion about this post