തിരുവനന്തപുരം: സര്‍ക്കാരിന്റെ നവകേരള നിര്‍മ്മാണത്തെ കുറിച്ച് കുറ്റം പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കൊണ്ട് തന്നെ താക്കോല്‍ദാനം നടത്തിച്ച വിവരം പങ്കുവെച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതിയുടെ കീഴില്‍ ചേര്‍പ്പ് സഹകരണ സംഘം നിര്‍മ്മിച്ച വീട് പ്രതിപക്ഷ നേതാവ് താക്കോല്‍ദാനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.
പ്രളയം തകര്‍ത്ത കേരളത്തെ വീണ്ടെടുക്കാന്‍ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞു നടന്ന പ്രതിപക്ഷ നേതാവിനെ തന്നെ താക്കോല്‍ ദാനത്തിനായി ക്ഷണിച്ച ചേര്‍പ്പ് സഹകരണ സംഘം ഭാരവാഹികള്‍ക്ക് അഭിവാദ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ അറിവിലേക്കായി ചില കാര്യങ്ങള്‍ കൂടി അദ്ദേഹം പങ്കുവെച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ബഹു: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം സഹകരണ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതിയുടെ കീഴില്‍ ചേര്‍പ്പ് സഹകരണ സംഘം നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം ബഹു: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കുന്നു. പ്രളയം തകര്‍ത്ത കേരളത്തെ വീണ്ടെടുക്കാന്‍ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞു നടന്ന പ്രതിപക്ഷ നേതാവിനെ തന്നെ താക്കോല്‍ ദാനത്തിനായി ക്ഷണിച്ച ചേര്‍പ്പ് സഹകരണ സംഘം ഭാരവാഹികള്‍ക്ക് അഭിവാദ്യങ്ങള്‍.
പ്രതിപക്ഷ നേതാവിന്റെ അറിവിലേക്കായി ചില കാര്യങ്ങള്‍,
കേരളമെമ്പാടും കെയര്‍ ഹോം പദ്ധതിയിലൂടെ 2000 വീടുകളാണ് സഹകരണ വകുപ്പ് നിര്‍മിച്ചു നല്‍കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ബഹു: സംസ്ഥാന മുഖ്യമന്ത്രി സ:പിണറായി വിജയന്‍ 228 വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചാണ് ഈ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അതിന് ശേഷം ഇതുവരെ 1200ഓളം വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു അതിന്റെ ഉപഭോക്താക്കള്‍ക്ക് കൈ മാറി കഴിഞ്ഞു. ബാക്കി വരുന്ന വീടുകളുടെയും നിര്‍മാണം ഉടന്‍ തന്നെ പൂര്‍ത്തീകരിച്ചു കൈമാറുന്നതാണ്. പ്രതിപക്ഷ നേതാവിന് ഇനിയും ഒരുപാട് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുവാനും സര്‍ക്കാരിന്റെ നവകേരള നിര്‍മാണത്തില്‍ പങ്കാളിയാകുവാനും കഴിയട്ടെ എന്നാശംസിക്കുന്നു.
Discussion about this post