കൊച്ചി: ഇന്ന് രാവിലെയാണ് കേരളത്തില്‍ വീണ്ടും നിപ്പാ വൈറസ് ബാധിച്ചുവെന്ന കാര്യം ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ അറിയിച്ചത്. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിനാണ് നിപ്പാ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ഈ അവസ്ഥയില്‍ രോഗം ബാധിച്ച ആളിന്റെ വീട്ടിലേക്കോ പ്രദേശത്തേക്കോ ഇനി മാധ്യമ പ്രവര്‍ത്തകര്‍ പോകരുതെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. പ്രത്യേകം പരിശീലനം ലഭിച്ചവര്‍ മാത്രമേ ഇനി രോഗം റിപ്പോര്‍ട്ട് ചെയ്ത മേഖലയിലേക്ക് പോകാവൂ എന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിലുണ്ട്.
എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവരില്‍ ആരെങ്കിലും മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും മന്ത്രി വ്യക്തമാക്കി. അഞ്ച് മണിക്ക് മാധ്യമങ്ങള്‍ക്ക് മെഡിക്കല്‍ ബുള്ളറ്റിന് ലഭ്യമാക്കുമെന്നും അറിയിച്ചു.
ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തിലും മെഡിക്കല്‍ ബുള്ളറ്റിനിലുമുള്ള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കേണ്ടത്. മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ആരോഗ്യവകുപ്പ് ഒരു വാര്‍ത്തയും മറച്ചുവയ്ക്കില്ലെന്നും ഈ സമയത്ത് എക്സ്ക്ലൂസീവ് ന്യൂസുകള്‍ക്കായി മാധ്യമങ്ങള്‍ ശ്രമിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
Discussion about this post