കൊച്ചി: പനി ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പയാണെന്ന് സ്ഥിരീകരിച്ചു.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് അന്തിമതീര്‍പ്പ് വന്നത്. അതേസമയം ആരും ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിപ്പയെ നേരിടാന്‍ ആരോഗ്യവകുപ്പിന് ധൈര്യമുണ്ട്. ‘റിബാവറിന്‍’ മരുന്ന് ആവശ്യത്തിനുണ്ട് എന്നും മന്ത്രി പറഞ്ഞു.
ഓസ്ട്രേലിയന്‍ മരുന്ന് കേന്ദ്രസര്‍ക്കാര്‍ ഉടനെ എത്തിക്കും.
എന്നാല്‍ ഇപ്പോള്‍ നാല് പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. നിപ്പ ബാധിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കളും ചികിത്സ നല്കിയ രണ്ട് നഴ്സുമാരുമാണ് പനിയുടെ ലക്ഷണങ്ങളുമായി നിരീക്ഷണത്തില്‍ ഉള്ളത്. ഒരാളെ ഐസലേഷന്‍ വാര്‍ഡിലാക്കി. ആരുടേയും സ്ഥിതി ഗുരുതരമല്ല. ഇവര്‍ക്കും മരുന്ന് നല്കുന്നു. ഇവരുടെ സ്രവവും പരിശോധനയ്ക്ക് അയക്കും. സമീപകാലത്ത് ‘നിപ്പ’ ലക്ഷണങ്ങളോടെ മരണമുണ്ടായോ എന്നും പരിശോധിക്കും.
വവ്വാല് ധാരാളമുള്ള പ്രദേശത്തുള്ളവര്‍ സൂക്ഷിക്കുക. വവ്വാല് കടിച്ചതോ തുറന്നിരിക്കുന്നതോ ആയ ഭക്ഷണം കഴിക്കരുതെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം യുവാവിന്റെ നാട്ടിലെത്തി കൂടുതല്‍ പരിശോധനകളും നടത്തും. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം നേടിയ കോഴിക്കോടു നിന്നുളള വൈദ്യസംഘം യുവാവിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിശോധിക്കും. മന്ത്രിയടക്കം ആരോഗ്യവകുപ്പിലെ ഉന്നതര്‍ കൊച്ചിയില്‍ ഇന്നും ക്യാംപ് ചെയ്യുന്നുണ്ട് . പൊതുജനങ്ങളുടെ സംശയ നിവാരണത്തിനായി എറണാകുളം കളക്ടറേറ്റില്‍ വിദ്ഗധ വൈദ്യസംഘത്തെ ഉള്‍പ്പെടുത്തിയുളള കണ്ട്രോള് റൂം പ്രവര്‍ത്തനവും തുടങ്ങി. 1077 എന്ന നമ്പരില്‍ വിളിച്ചാല്‍ പൊതുജനങ്ങള്‍ക്ക് കണ്ട്രോള് റൂമുമായി ബന്ധപ്പെടാം.
Discussion about this post