അതിരപ്പിള്ളി: ഏറെ കഷ്ടപ്പാടുകള്‍ക്കും പ്രതികൂല കാലാവസ്ഥയ്ക്കും ഒടുവില്‍ പ്രതിസന്ധികളെ മറികടന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് സ്വകാര്യ റിസോര്‍ട്ടിലെ കിണറ്റില്‍ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. അഞ്ചര മണിക്കൂര്‍ നീണ്ട പരിശ്രമമാണ് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത് ഇന്നു പുലര്‍ച്ചെ ഒരു മണിയ്ക്കാണ്. നാല്‍പതടി താഴ്ചയുള്ള കിണറിനു മുകളിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നാണ് ആനക്കുട്ടി കിണറ്റില്‍ വീണത്. പരുക്കേറ്റിരുന്നില്ല. ജെസിബി ഉപയോഗിച്ച് കിണറിന് സമാന്തരമായി ചാല്‍ ഉണ്ടാക്കിയാണ് പുറത്തു കടക്കാന്‍ വഴിയൊരുക്കിയത്.
അതിരപ്പിള്ളിയിലെ റിസോര്‍ട്ടിന്റെ പുറകിലുള്ള കിണറ്റില്‍ ഇന്നലെ ഉച്ചയോടെയാണ് ആനക്കുട്ടി വീണത്. കിണറിന്റെ മീതെയുണ്ടായിരുന്ന കോണ്‍ക്രീറ്റ് സ്ലാബ് ഒരുഭാഗം തകര്‍ന്നിരുന്നു. ആനക്കുട്ടിക്ക് പരിക്കേറ്റിരുന്നില്ല. ചിന്നംവിളി കേട്ടെത്തിയവരാണ് ആനക്കുട്ടി കിണറ്റില്‍ വീണ വിവരം ഫോറസ്റ്റ് ഓഫീസില്‍ അറിയിച്ചത്. ഉടനെ, അതിരപ്പിള്ളി റേഞ്ചര്‍ മുഹമ്മദ് റാഫിയും സംഘവും പാഞ്ഞെത്തി. പിന്നീട് എങ്ങനെ കരയ്ക്കു കയറ്റുമെന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു ആശങ്ക.
ഒടുവില്‍ അതീവ ശ്രദ്ധയോടെ മണ്ണിടിയാതെ സമാന്തരമായി ചാല്‍ നിര്‍മ്മിച്ച് ആനക്കുട്ടിക്കായി വഴിയൊരുക്കുകയായിരുന്നു. ജെസിബി കൊണ്ടുവന്ന് കുറച്ച് മണ്ണ് കിണറിന്റെ ഒരു വശത്തേയ്ക്കിട്ടു ആനയ്ക്ക് നില്‍ക്കാനുള്ള ഇടമൊരുക്കി. പിന്നെയാണ് ചാല്‍ നിര്‍മാണം തുടങ്ങിയത്. നേരം ഇരുട്ടിയതോടെ രക്ഷാപ്രവര്‍ത്തനത്തിനും തിരിച്ചടിയായി. ആനക്കുട്ടിയുടെ ചിന്നംവിളി കേട്ട് കാട്ടാനകള്‍ കൂട്ടത്തോടെയെത്തുമെന്ന ഭയവും രക്ഷാപ്രവര്‍ത്തനത്തിനിടെ ഉയര്‍ന്നു. ഇതിനെ മറികടക്കാന്‍ പ്രദേശം മുഴുവന്‍ വെളിച്ചമൊരുക്കുകയും ആനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ ചുറ്റിനും ആളെ നിര്‍ത്തുകയും ചെയ്തു. ഒടുവില്‍ അഞ്ചര മണിക്കൂറിന് ശേഷം പുലര്‍ച്ചെ ഒരു മണിയോടെ ചാല്‍ കീറി ആനക്കുട്ടിയെ ഇതു വഴി പുറത്തേയ്ക്കു കയറ്റി. കരയ്‌ക്കെത്തിയ ആനക്കുട്ടി രക്ഷാപ്രവര്‍ത്തകരെ ഒന്നും മൈന്‍ഡ് ചെയ്യാതെ കാട്ടിലേക്ക് ഓടിപ്പോയി.
Discussion about this post