തിരുവനന്തപുരം: കൊച്ചിയില്‍ നിപ്പാ വൈറസ് ബാധ വന്നുവെന്ന് സംശയം മറ്റും നിലനില്‍ക്കുന്നതിനിടെ രാഷ്ട്രീയം കലര്‍ത്തിയ ബിജെപി നേതാവായ കെ സുരേന്ദ്രന് മറുപടി നല്‍കി ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. പുര കത്തുന്നെന്ന് ഫ്‌ളാഷ് ന്യൂസ് കാണുമ്പൊ ശരിയാണോന്ന് പോലും ഉറപ്പിക്കാതെ വാഴ വെട്ടാനിറങ്ങരുത് എന്ന ഉപദേശമാണ് നേതാവിന് ഡോക്ടര്‍ നല്‍കിയത്.
നേരത്തെ കൊച്ചിയില്‍ നിപ്പാ രോഗബാധയെന്ന് ആരോഗ്യവകുപ്പ് സംശയം പ്രകടിപ്പിച്ചപ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വൈറോളജി ലാബ് കേരളത്തില്‍ തുടങ്ങാത്തതിനെ വിമര്‍ശിക്കുകയാണ് കെ സുരേന്ദ്രന്‍ ചെയ്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന സ്വഭാവം എന്നാണ് പലരും വിമര്‍ശിച്ചത്.
നിപ്പായ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഭരണകൂടവും ജനങ്ങളും ഒറ്റകെട്ടായി നില്‍ക്കുമ്പോള്‍ അതിനിടയില്‍ കേറി വന്ന് രാഷ്ട്രീയം പറയരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഊഹാപോഹങ്ങള്‍ പരത്താതെ, പകരം ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളെ അറിയിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. കേരളം നമ്പര്‍ വണ്‍ ആയതും ആവുന്നതും അങ്ങനെ തുടരുന്നതും ആ കൂട്ടായ ശ്രമത്തിലൂടെയാണെന്നും ഡോക്ടര്‍ സുരേന്ദ്രനോടായി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ബഹുമാനപ്പെട്ട കെ.സുരേന്ദ്രന്‍ ജീ,
താങ്കളുടെ പോസ്റ്റ് വായിക്കുവാനിടയായി.
തീര്‍ച്ചയായും, കഴിഞ്ഞ വര്‍ഷം ജനങ്ങളുടെയിടയില്‍ അത്യധികം ഭീതിയും പരിഭ്രാന്തിയും വിതച്ച ഒരു രോഗമാണ് നിപ്പ. ഒരു പരിധി വരെ അതിനു കാരണം അജ്ഞതയും അബദ്ധസന്ദേശങ്ങളുമായിരുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു. 25 പേരില്‍ താഴെ മാത്രം മരണമുണ്ടായ നിപ്പയ്ക്ക് വര്‍ഷം നാലായിരം പേര്‍ മരിക്കുവാനിടയാവുന്ന, എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന വാഹനാപകടങ്ങളെക്കാള്‍ നൂറിരട്ടി ഭീതി പരത്താന്‍ കഴിയുന്നുവെന്നതുകൊണ്ടാണ് അത്തരമൊരു നിഗമനത്തിലെത്താന്‍ എന്നെ പ്രേരിപ്പിച്ചത്.
തികച്ചും അപരിചിതമായ ഒരു രോഗമായിരുന്നു അന്ന് അത് എന്ന വാസ്തവം കണ്ണടച്ചാല്‍ മാറുന്നതല്ല. അപരിചിതത്വം ഉണ്ടായിരുന്നിട്ടുതന്നെ ഫലപ്രദമായി അതിനെ പ്രതിരോധിക്കാനും തടയാനും കഴിഞ്ഞത് ആരോഗ്യവകുപ്പിന്റെയും വിവിധ തലത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെയും രാഷ്ട്രീയക്കാരുടെയും കൂട്ടായ ശ്രമഫലമായാണ്.
കേരളം നമ്പര്‍ വണ്‍ ആയതും ആവുന്നതും അങ്ങനെ തുടരുന്നതും ആ കൂട്ടായ ശ്രമത്തിലൂടെയാണ്. പകര്‍ച്ചവ്യാധികള്‍ പോലെയുള്ള സാഹചര്യമുണ്ടാവുമ്പോള്‍ ശരിയായ വിവരങ്ങള്‍ മാത്രം നല്‍കുവാനും ഊഹാപോഹങ്ങള്‍ ഒഴിവാക്കുവാനും ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നത് അവിടെയാണ്. സ്വഭാവികമായും ഒരു തവണ ഒരു രോഗത്തിന്റെ സാന്നിദ്ധ്യമുണ്ടായാല്‍ സമാന ലക്ഷണങ്ങള്‍ കാണുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആ രോഗത്തിന്റെ സാന്നിദ്ധ്യം സംശയിക്കും. അതിനര്‍ഥം രോഗം വീണ്ടും പൊട്ടിപ്പുറപ്പെട്ടുവെന്നോ എല്ലാം ഇന്ന് അവസാനിക്കുമെന്നോ അല്ല.
ഇനിയും നിപ്പ വന്നാല്‍ തന്നെ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും എന്തെല്ലാം സജ്ജീകരണങ്ങളാണ് കരുതേണ്ടതെന്നതിന്റെയും വ്യക്തമായ രൂപരേഖ നമ്മുടെ മുന്നിലുണ്ട്. ലക്ഷണങ്ങളും പ്രതിരോധമാര്‍ഗങ്ങളുമുണ്ട്. സ്വീകരിക്കേണ്ട മുന്‍ കരുതലുകളുണ്ട്. ആരോഗ്യവകുപ്പ് അവര്‍ സ്വീകരിച്ച മുന്‍ കരുതലുകള്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നിപ്പ കഴിഞ്ഞ തവണ ചികില്‍സിച്ച് പരിചയമുള്ള ഡോക്ടര്‍മാര്‍ എറണാകുളത്തേക്ക് യാത്ര തുടങ്ങിക്കഴിഞ്ഞു.
ദയവ് ചെയ്ത് അനാവശ്യ പരിഭ്രാന്തിയുണ്ടെന്ന് വരുത്തിത്തീര്‍ക്കരുത്. ഇത് രാഷ്ട്രീയം പറയേണ്ട അവസരമല്ലെന്ന് മനസിലാക്കുമല്ലോ.. പുര കത്തുന്നെന്ന് ഫ്‌ലാഷ് ന്യൂസ് കാണുമ്പൊ ശരിയാണോന്ന് പോലും ഉറപ്പിക്കാതെ വാഴ വെട്ടാനിറങ്ങരുത്. ഊഹാപോഹങ്ങള്‍ കാട്ടുതീ പോലെയാണ്. പെട്ടെന്ന് പടരും, നാശനഷ്ടങ്ങളുണ്ടാക്കും. ദയവു ചെയ്ത് മനസിലാക്കുക.. താങ്കള്‍ക്ക് ജനങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായ ആശങ്കയുണ്ടെങ്കില്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അവരെ അറിയിക്കുക, നന്ദി
Discussion about this post