മലപ്പുറം: കുലുക്കി സര്ബത്തിന് ശേഷം കേരളത്തില്‍ തരംഗമായിരിക്കുകയാണ് ഫുള്‍ ജാര് സോഡ. മലപ്പുറത്തും ഈ പുതിയ വിഭവത്തിന് ഇഷ്ടക്കാര്‍ ഏറെയാണ്. മലപ്പുറം ചങ്ങരംകുളത്തെ ഫുള്‍ജാര്‍ സോഡ വില്‍ക്കുന്ന യുവാക്കളുടെ കഥയാണ് ഇന്ന് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. പുതിയ സംരംഭത്തിലൂടെ ലാഭമുണ്ടാക്കാനല്ല ഇവര്‍ ഈ കച്ചവടം നടത്തുന്നത്. മറിച്ച് തങ്ങളുടെ സുഹൃത്തിനെ സഹായിക്കുന്നതിന് വേണ്ടിയാണ്.
ഇരുവൃക്കകളും തകരാറിലായി ജീവന് രക്ഷിക്കാന്‍ സഹായം തേടുന്ന പള്ളിക്കുന്ന് സ്വദേശിയായ മന്‍സൂര്‍ എന്ന സുഹൃത്തിന്റെ ജീവന് രക്ഷിക്കാനാണ് യുവാക്കള്‍ ഇന്നത്തെ ട്രെന്‍ഡായ ഫുള്‍ജാര്‍ സോഡ കച്ചവടവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കച്ചവടത്തിന്റെ മുഴുവന്‍ ലാഭവിഹിതവും മന്‍സൂറിന്റെ ചികിത്സാനിധിയിലേക്കുള്ള സഹായമാണ്.
എല്ലാ ദിവസവും യുവാക്കളുടെ വലിയ നിരയാണ് ഫുള്‍ജാര്‍സോഡാ കേന്ദ്രങ്ങളില്‍ കാണാനാകുന്നത്. പഴയ ഉപ്പും മുളകുമിട്ട സോഡാ വെളളത്തിന്റെ പുതിയ പതിപ്പാണ് ഫുള്‍ജാര്‍ സോഡ. സോഡയിലേക്ക് നാരങ്ങ, ഇഞ്ചി, മുളക്, മധുര സിറപ്പ് എന്നിവയുടെ കൂട്ട് ചേര്‍ക്കുന്നതാണ് ഈ പുതിയ പാനീയം. സോഡയിലേക്ക് ഇതിന്റെ മിശ്രിതം ചേര്‍ക്കുമ്പോള്‍ തന്നെ നുരഞ്ഞ് പുറത്തേക്കൊഴുകുന്ന ഈ പാനീയം ഉടന്‍തന്നെ കുടിക്കുമ്പോള്‍ ഇതിന്റെ യഥാര്‍ത്ഥ രുചിയറിയാം. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരുപോലെ ഹിറ്റായിരിക്കുന്ന ഫുള്‍ജാര്‍ സോഡയ്ക്ക് 15 രൂപ മുതല്‍ 30 രൂപ വരെ ഈടാക്കുന്നത്.
Discussion about this post