തിരുവനന്തപുരം: റോഡിലെ നിര്‍മ്മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് മന്ത്രി ജി സുധാകരന്. മന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത് അറിയിച്ചത്. നിര്‍മ്മാണത്തില്‍ ക്രമക്കേട് സംബന്ധിച്ച ആരോപണത്തെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ശേഷം ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.
മൂന്ന് റോഡുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. റോഡുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് എകിസിക്യൂട്ടീവ് എഞ്ചിനീയറെയും, അസിസ്റ്റന്റ് എഞ്ചിനീയറെയും ഓവര്‍സിയറെയും അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിന് സജ്ജമാക്കിയിട്ടുള്ള പരാതി പരിഹാര സെല്ലില്‍ ജനങ്ങളുടെ പരാതി നേരിട്ട് സ്വീകരിക്കുന്നതിനിടയിലാണ് കൊട്ടാരക്കര സബ് ഡിവിഷന് റോഡ്സിന് കീഴിലുള്ള പാങ്ങോട് – കടയ്ക്കല്‍ – ചിങ്ങേലി – ചടയമംഗലം റോഡിനെക്കുറിച്ചും, എന്‍എച്ച് സബ് ഡിവിഷന് പുനലൂരിന് കീഴിലുള്ള ചെങ്ങമനാട് – അഞ്ചല്‍ റോഡിനെക്കുറിച്ചും അറിയുന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
പത്രവാര്‍ത്തകളിലൂടെ ശ്രദ്ധയില്‍പ്പെട്ട ശാസ്താംകോട്ട – കൊട്ടാരക്കര – നീലേശ്വരം – കോടതി സമുച്ഛയം റോഡിന്റെ പ്രവൃത്തിയും ഇതോടൊപ്പം തന്നെ അന്വേഷിക്കാന്‍ ചീഫ് എഞ്ചിനീയറോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ശേഷം നടപടി കൈകൊള്ളുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
നിര്‍മ്മാണത്തില്‍ ക്രമക്കേട് സംബന്ധിച്ച ആരോപണത്തെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ച് അന്വേഷണത്തിന് ഉത്തരവിട്ട മൂന്ന് റോഡുകളിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റോഡുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് എകിസിക്യൂട്ടീവ് എഞ്ചിനീയറെയും, അസിസ്റ്റന്റ് എഞ്ചിനീയറെയും ഓവര്‍സിയറെയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിന് സജ്ജമാക്കിയിട്ടുള്ള പരാതി പരിഹാര സെല്ലില്‍ ജനങ്ങളുടെ പരാതി നേരിട്ട് സ്വീകരിക്കുന്നതിനിടയിലാണ് കൊട്ടാരക്കര സബ് ഡിവിഷന് റോഡ്സിന് കീഴിലുള്ള പാങ്ങോട് – കടയ്ക്കല്‍ – ചിങ്ങേലി – ചടയമംഗലം റോഡിനെക്കുറിച്ചും, എന്‍.എച്ച് സബ് ഡിവിഷന് പുനലൂരിന് കീഴിലുള്ള ചെങ്ങമനാട് – അഞ്ചല്‍ റോഡിനെക്കുറിച്ചും അറിയുന്നത്.
പത്രവാര്‍ത്തകളിലൂടെ ശ്രദ്ധയില്‍പ്പെട്ട ശാസ്താംകോട്ട – കൊട്ടാരക്കര – നീലേശ്വരം – കോടതി സമുച്ഛയം റോഡിന്റെ പ്രവൃത്തിയും ഇതോടൊപ്പം തന്നെ അന്വേഷിക്കാന്‍ ചീഫ് എഞ്ചിനീയറോട് നിര്‍ദ്ദേശിച്ചിരുന്നു.
കോണ്‍ട്രാക്ട് കാലാവധിക്കുള്ളില്‍ റോഡിന്റെ ഓരോ ഘട്ടവും തീര്‍ക്കുന്നതിന് കോണ്ട്രാക്ടര് ശ്രദ്ധിച്ചിട്ടില്ല, കോണ്ട്രാക്ടറെക്കൊണ്ട് അത് ചെയ്യിക്കുന്നിതിന് എഞ്ചിനീയര്‍മാര്‍ക്ക് കഴിഞ്ഞില്ല, വീഴ്ചവരുത്തുന്ന കോണ്‍ട്രാക്ടര്‍ക്കെതിരെ എഞ്ചിനീയര്‍മാര്‍ ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടില്ല, വീഴ്ചയുണ്ടാകുന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. പൊതുജനങ്ങളില്‍ നിന്നും ആക്ഷേപം ക്ഷണിച്ചുവരുത്തി എന്നീ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ തുടരന്വേഷണ വിധേയമായി ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തിരിക്കുന്നത്. കോണ്ട്രാക്ടര്മാരുടെ പേരില്‍ പൊതുമരാമത്ത് മാന്യുവല്‍ പ്രകാരം പിഴയടക്കമുള്ള കടുത്ത ശിക്ഷകള്‍ ചുമത്തണമെന്നും നിര്‍ദ്ദേശിച്ചു.
പാങ്ങോട് – കടയ്ക്കല്‍ – ചിങ്ങേലി – ചടയമംഗലം റോഡിന്റെയും ശാസ്താംകോട്ട – കൊട്ടാരക്കര – നീലേശ്വംര – കോടതി സമുച്ഛയം റോഡിന്റെയും ചെങ്ങമനാട് – അഞ്ചല്‍ സി.ആര്.എഫ് റോഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെയും, അസിസ്റ്റന്റ് എഞ്ചിനീയറെയും ഓവര്സിയറെയുമാണ് ഉദ്യോഗസ്ഥ തലകളില്‍ നിന്നും സസ്പെന്റ് ചെയ്തിരിക്കുന്നത്.
മേല്‍പ്പറഞ്ഞ തീരുമാനങ്ങള്‍ നടപ്പിലാക്കി കൊണ്ട് മൂന്ന് റോഡുകളുടെയും നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. ഫോണ്‍ ഇന്‍ പരിപാടിയില്‍ നിന്നും പത്രവാര്‍ത്തകളില്‍ നിന്നുമാണ് ആരോപണം ശ്രദ്ധയില്‍പ്പെടുന്നത്. മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്മാരില് നിന്നല്ല വിവരം അറിയുന്നത് എന്നുള്ളത് ഗൗരവകരമായ കാര്യമാണ്. മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായി എന്നുള്ളത് ഇതിലൂടെ വ്യക്തമായി. അതിനാലാണ് കടുത്ത നടപടികളിലേക്ക് കടന്നത്.
സംസ്ഥാനത്ത് ഉടനീളം വീഴ്ച്ചകാരായ എഞ്ചിനീയര്‍മാര്‍ക്കും തന്നിഷ്ടകാരായ കോണ്‍ട്രാക്ടര്‍മാര്‍ക്കും ഒരു പാഠമാകാനാണ് ഈ നടപടികള്‍ സ്വീകരിച്ചത്. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടുന്ന കോണ്‍ട്രാക്ടര്‍മാര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയും കോടതി വഴി നിര്‍മ്മാണങ്ങള്‍ താമസിപ്പിക്കുകയും ചെയ്യുന്നത് ദേശദ്രോഹമാണ്. ചില കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകരെ സ്വാധീനിച്ചും അന്യായ വിധി നേടിയ കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ സമഗ്രമായ തരത്തില്‍ പി.ഡബ്യു.ഡി മാന്യുവല്‍ പ്രകാരം നിര്‍മ്മാണങ്ങള്‍ കൊണ്ട് പോകാന്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരും സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാരും എല്ലാ പ്രവൃത്തി നടക്കുന്ന സ്ഥലവും പരിശോധിക്കണം. അതില്‍ വീഴ്ചയുണ്ടാകുന്നുണ്ടോ എന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്.
Discussion about this post