തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തിലെ പ്രതികള്‍ ബാലഭാസ്‌കറിന്റെ മാനേജരും സ്റ്റാഫും എന്നിരിക്കെ അദ്ദേഹത്തിന്റെ മരണത്തിലും സംശയം ഏറുന്നതായി അന്വേഷണ സംഘം പറയുന്നു. എന്നാല്‍ എങ്ങനെയാണ് അപകടം സംഭവിച്ചത് എന്ന് മനസിലാക്കാന്‍ ഇനിയും അന്വേഷണ സംഘത്തിനായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് ആ അപകടം പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതായാണ് വിവരം.
വാഹനാപകടത്തിന് മുമ്പ് ബാലഭാസ്‌കര്‍ അവസാനം സഞ്ചരിച്ച വഴിയിലൂടെ വീണ്ടും സഞ്ചരിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സെപ്റ്റംബര്‍ 25നു തൃശൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പള്ളിപ്പുറത്തു വച്ചാണു ബാലഭാസ്‌കറും കടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ ബാലഭാസ്‌കറിന്റെ യാത്രയുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാനാണു ക്രൈംബ്രാഞ്ച് തീരുമാനം. അതിന്റെ അടിസ്ഥാനത്തില്‍ അപകടദിവസം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വഴിയിലൂടെ അതേസമയത്ത് ക്രൈംബ്രാഞ്ച് സംഘവും കാറില്‍ സഞ്ചരിച്ചു സ്ഥിതി വിലയിരുത്തും.
അപകടം നടന്ന സ്ഥലത്തു വീണ്ടും പരിശോധന നടത്തും. നേരത്തെ കേസ് അന്വേഷിച്ച പോലീസ്
ഉദ്യോഗസ്ഥര്‍, ബന്ധുക്കള്‍, ദൃക്‌സാക്ഷികള്‍ എന്നിവരില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. ബാലഭാസ്‌കര്‍ സഞ്ചരിച്ച കാറിന്റെ മുന്‍ സീറ്റിലെ ചോരപ്പാടുകള്‍ അപകട ശേഷം ഒരാള്‍ തുടച്ചു മാറ്റിയതു കണ്ടെന്ന ദൃക്‌സാക്ഷി മൊഴിയും പരിശോധിക്കും. ഡിവൈഎസ്പി പിഹരികൃഷ്ണന്റെ നേതൃത്വത്തിലാണു കേസ് അന്വേഷിക്കുന്നത്.
Discussion about this post