കൊച്ചി: നിപ ബാധയെന്ന സംശയത്തില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ രക്തപരിശോധന ഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സര്‍ക്കാരിന് ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ താന്‍ അല്ല ഇക്കാര്യം പറയേണ്ടതെന്നും പരിശോധനാഫലം മന്ത്രി വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല. നിപ ബാധയാണെന്ന് സ്ഥിരീകരിച്ചാല്‍ പ്രതിരോധത്തിന് സര്‍ക്കാരിന് എല്ലാവിധ പിന്തുണയും പ്രതിപക്ഷം നല്‍കും. കൂടാതെ ഒരു കാരണവശാലും ജനങ്ങള്‍ക്ക് ഭീതിപരത്തുന്ന വിധത്തിലുള്ള പ്രചാരണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.
നിപയെക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ പങ്കാളികളാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിപ രോഗം സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗബാധ തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും ആരോഗ്യമന്ത്രി കെകെ ഷൈലജയും അറിയിച്ചു.
Discussion about this post