കൊച്ചി: വീണ്ടും സംസ്ഥാനത്ത് നിപ്പാ ബാധയെന്ന സംശയത്തിന് പിന്നാലെ സര്‍ക്കാര്‍ ജാഗ്രത പാലിക്കാനും പനി ലക്ഷണങ്ങളുള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടാനും ആഹ്വാനം ചെയ്യുന്നതിനിടെ സോഷ്യല്‍മീഡിയയിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും വ്യാപകമാവുന്നു. ഏറ്റവും ഒടുവിലായി സോഷ്യല്‍മീഡിയയില്‍ ഒട്ടനേകം ഫോളോവേഴ്സുള്ള ഡോ. ജേക്കബ് വടക്കഞ്ചേരിയുടെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. നിപ്പായെന്ന ഒരു രോഗമില്ലെന്നും എല്ലാം പണം തട്ടാനുള്ള മരുന്ന് ലോബിയുടെ തട്ടിപ്പാണെന്നും വടക്കഞ്ചേരി വീഡിയോയിലൂടെ പറയുന്നു. നിപ്പാ എന്ന ഒരു രോഗമില്ലെന്നും കൊച്ചിയില്‍ വന്നത് നിപ്പായല്ലെന്നും വടക്കഞ്ചേരി പറഞ്ഞു.
നിപ്പാ എന്ന് പറയുന്ന സാധനമില്ല. എറണാകുളത്തും തൊടുപുഴയിലും എവിടെയാണ് വവ്വാലെന്നും വടക്കഞ്ചേരി ചോദിക്കുന്നു. കഴിഞ്ഞ തവണ സത്യം പറഞ്ഞതിനാണ് ജയിലില്‍ പോയത്. ഇനി ജയിലില്‍ പോകേണ്ടി വരില്ല. കാരണം ഭരണകൂടത്തിന് സത്യം മനസിലായികഴിഞ്ഞു. ഭരണകൂടത്തിന് മരുന്ന് മാഫിയയുടെ തട്ടിപ്പ് മനസിലായെന്നും വടക്കഞ്ചേരി വാദിക്കുന്നു.
നിപ്പാ മരുന്ന് ലോബിയുടെ തട്ടിപ്പാണ്. പനി വന്നാല്‍ അലോപ്പതി മരുന്ന് കഴിക്കാന്‍ ആശുപത്രിയില്‍ പോവരുത്. ശരീരത്തിന്റെ രോഗപ്രതിരോധം കൂട്ടുന്നതാണ് പനി. പനി ആപത്തല്ല അനുഗ്രഹമാണ്. ശരീരത്തിലെ വിഷമാലിന്യങ്ങളെ കത്തിച്ചുകളയാനാണ് പനിവരുന്നത്. പനിക്ക് മരുന്ന് കഴിക്കരുത്. പനിക്ക് മരുന്ന് കഴിക്കാത്തവര്‍ ആരും മരിച്ചിട്ടില്ല. പനിയ്ക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളൂവെന്നും വീഡിയോയില്‍ വടക്കഞ്ചേരി പറയുന്നു.
പനിക്ക് ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നത് അപകടമാണ്. പാരസെറ്റമോള്‍ കഴിച്ചാല്‍ അത് കരളിനെ നശിപ്പിക്കുമെന്നും നിലവിലെ രോഗത്തിനെക്കാള്‍ വലിയ കുഴപ്പത്തില്‍ വീഴുമെന്നുമാണ് ഇയാളുടെ വാദം. ധാരാളം പച്ചവെള്ളം കുടിച്ച് വിശ്രമിച്ചാല്‍ മാത്രം മതി പനി മാറുമെന്നും ജേക്കബ് വടക്കഞ്ചേരി പറയുന്നു. നിങ്ങള്‍ ചെയ്യേണ്ടത് തൊട്ടടുത്ത പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ പോയി എനിമ എടുത്താല്‍ മാത്രം മതിയെന്നും വടക്കഞ്ചേരി വിശദീകരിക്കുന്നു.
Discussion about this post