കൊച്ചി: നിപ വൈറസ് ബാധയെന്ന് സംശയിക്കുന്ന യുവാവിന്റെ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള രക്ത സാമ്പിളിന്റെ പരിശോധനാ റിപ്പോര്‍ട്ട് വൈകിട്ട് ഏഴരയോടെ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. എല്ലാ മുന്‍കരുതല്‍ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും യുവാവുമായി ഇടപഴകിയ 86 പേര് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു.
നിപ ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിനു ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിരീക്ഷണത്തിലുള്ള 86 പേരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ് സാധ്യമായിട്ടുള്ളതെന്നും ഇതിനുള്ള മരുന്ന് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ടെന്നും കെകെ ഷൈലജ വ്യക്തമാക്കി.
ഏഴരയോടെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം വന്നാല്‍ ആവശ്യമെങ്കില്‍ ഉടന്‍ തന്നെ പ്രതിരോധ നടപടികള്‍ക്ക് തുടക്കം കുറിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറായിട്ടുണ്ട്. നിപ വൈറസ് സംബന്ധിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ കര്‍ശനമായി തടയുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ആശുപത്രികളിലെല്ലാം ആവശ്യമായ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. നിപ വൈറസ് ബാധ സ്ഥിരീകരിച്ചാല്‍ നാളെ മുതല്‍ തന്നെ പ്രതിരോധ നടപടികള്‍ക്ക് തുടക്കം കുറിക്കും. കളക്ടറുടെ ഓഫീസില്‍ കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കണ്ട്രോള്‍ റൂം മുഖേന പൊതുജനങ്ങള്‍ക്ക് സംശയ നിവാരണം നടത്താം. 1077 എന്ന നമ്പറില്‍ വിളിച്ചാല്‍ കോള്‍സെന്ററില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകും. 1056എന്ന ആരോഗ്യവകുപ്പിന്റെ നമ്പറില്‍ വിളിച്ചാലും വിവരങ്ങള്‍ ലഭ്യമാകും.